കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ നേതൃനിരയിലേക്ക് കൂടുതല്‍ യുവത്വം കടന്നുവരുന്നു. നിലവിലെ പ്രസിഡന്റായ മോഹൻലാലിന്റെ നിലപാടാണ് ഭാരവാഹി തിരഞ്ഞെടുപ്പില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിതുറക്കുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വനിതാ അംഗത്തെ കൊണ്ടുവരാനും ആലോചനയുണ്ട്. മൂന്നുമാസത്തിനകം അടുത്ത തിരഞ്ഞെടുപ്പിലേക്ക് പോകുന്ന സംഘടനയില്‍ പ്രാരംഭചർച്ചകള്‍ തുടങ്ങിക്കഴിഞ്ഞു.
ഞായറാഴ്ച നടന്ന പൊതുയോഗത്തില്‍ പ്രസിഡന്റായി മോഹൻലാല്‍ തുടരണമെന്നായിരുന്നു അംഗങ്ങളുടെ പൊതുവികാരം. എന്നാല്‍ അത് തള്ളിക്കളഞ്ഞാണ് മോഹൻലാല്‍ നിലപാട് വ്യക്തമാക്കിയത്. ഭരണസമിതിയിലെ ജനറല്‍ സെക്രട്ടറി അടക്കമുള്ളവരുടെ രാജിയിലേക്ക് നയിച്ച സാഹചര്യം പൂർണമായി മാറിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മോഹൻലാലിന്റെ നയപ്രഖ്യാപനം. പുതിയ തലമുറയിലെ അംഗങ്ങള്‍ നേതൃത്വത്തിലേക്ക് കടന്നുവരണമെന്നും അവർ അധ്യക്ഷപദവിയിലെ പ്രശ്നങ്ങളും പ്രതിസന്ധികളും എന്താണെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഉണ്ണി മുകുന്ദൻ രാജിവെച്ച ട്രഷറർ സ്ഥാനത്തേക്ക് അഡ്ഹോക് കമ്മിറ്റിയിലെ ഒരംഗം വരുമെന്നാണ് സൂചന. എന്നാല്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ദിഖ് രാജിവെച്ച ഒഴിവിലേക്ക് ഒരു വനിതയെ പരിഗണിക്കണമെന്ന ആവശ്യത്തിന് പൊതുയോഗത്തിലും മികച്ച പിന്തുണ ലഭിച്ചിട്ടുണ്ട്.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച കുക്കു പരമേശ്വരൻ 27 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടതെന്ന കാര്യവും വനിതാ ജനറല്‍ സെക്രട്ടറി എന്ന സാധ്യത വർധിപ്പിക്കുന്നുണ്ട്. ഇപ്പോള്‍ അഡ്ഹോക് കമ്മിറ്റിയിലുള്ള വനിതകളായ അൻസിബ ഹസ്സൻ, സരയൂ മോഹൻ, അനന്യ, ജോമോള്‍ എന്നിവരിലാരും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാനുണ്ടാകില്ലെന്നാണ് വിവരം. സീനിയറായ മറ്റു ചില വനിതാ അംഗങ്ങള്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ എത്തിയേക്കുമെന്നാണ് സൂചന.
