തൃശ്ശൂർ: ചൊവ്വൂരിൽ അമിത വേഗതയിലെത്തിയ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ച് കയറിയ സംഭവത്തിൽ ഡ്രൈവർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. മാള പുത്തന്‍ചിറ സ്വദേശി നാസറിനെതിരെയാണ് (52) കേസെടുത്തത്. ഇയാളെ ചേര്‍പ്പ് പൊലീസ് അറസ്റ്റ് ചെയ്ത്, കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍റ് ചെയ്തു.

അപകടത്തിന് ശേഷം ഓടി രക്ഷപെട്ട നാസറിനെയും ബസും കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബസ് കയറാന്‍ നിന്ന ആളുകള്‍ക്കിടയിലേക്ക് ബസ് അമിത വേഗത്തില്‍ ഓടിച്ചു കയറ്റുകയായിരുന്നു എന്നാണ് കേസ്. ശനിയാഴ്ച ഉച്ചയ്ക്ക് 12.15ന് ചൊവ്വൂരില്‍ അഞ്ചാംകല്ല് പഞ്ചിങ്ങ് ബൂത്തിനടുത്ത ബസ് സ്റ്റോപ്പിലാണ് അപകടം നടന്നത്.

മൂന്ന് പേരെ ഇടിച്ച് തെറിപ്പിച്ചതിനുശേഷം സമീപത്തെ ഇലക്ട്രിക് പോസ്റ്റിലും ബസ് സ്റ്റോപ്പിലും ഇടിച്ചാണ് ബസ് നിന്നത്. അപകടത്തിൽ ചൊവ്വൂര്‍ സ്വദേശിനി പ്രേമാവതി (61), ഇവരുടെ മകള്‍ സയന (36), ചൊവ്വൂര്‍ ചെറുവത്തേരി സ്വദേശി സംഗീത (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പെട്ടെന്ന് ഓടി മാറിയത് കൊണ്ടു മാത്രമാണ് ആരുടെയും ജീവൻ നഷ്ടപ്പെട്ടാതെന്ന് പൊലീസ് പറഞ്ഞു.

അശ്രദ്ധമായി, മനുഷ്യജീവന് അപകടം വരുത്തുന്ന തരത്തില്‍ വാഹനമോടിച്ച് ഗുരുതര പരിക്കേല്‍പ്പിച്ചതിനും വധശ്രമത്തിനും ഉള്ള വകുപ്പുകള്‍ ചേര്‍ത്താണ് ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. നാസര്‍ സ്ഥിരം വാഹനാപകടങ്ങള്‍ ഉണ്ടാക്കുന്ന ആളാണെന്ന് പൊലീസ് പറയുന്നു. 2010 ല്‍ അശ്രദ്ധമായി വാഹനമോടിച്ച് ഗുരുതരമായ പരിക്കേല്‍പ്പിച്ച കേസിലും, 2019 ല്‍ ഒരാള്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിലും നായർ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.