നിലമ്പൂരിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ തമ്മിൽ കടുത്ത പോരാട്ടമാണ്. 10,000 വോട്ടിൻ്റെയെങ്കിലും ഭൂരിപക്ഷത്തിന് വിജയിക്കുമെന്നായിരുന്നു യുഡിഎഫിൻ്റെ പ്രതീക്ഷ. എന്നാൽ, ലീഡ് നില അത്രത്തോളം എത്തില്ല എന്നതാണ് ഇപ്പോൾ പുറത്തുവരുന്ന ഫലസൂചനകൾ തെളിയിക്കുന്നത്. ഇതിനുള്ള കാരണം ഒരേയൊരാളാണ് പിവി അൻവർ.
എൽഡിഎഫിൽ നിന്ന് പിണങ്ങിപ്പിരിഞ്ഞ് തൃണമൂൽ കോൺഗ്രസിൽ ചേർന്നപ്പോഴാണ് അൻവർ തൻ്റെ എംഎൽഎ സ്ഥാനം രാജിവച്ചത്. ശേഷം എൽഡിഎഫുമായും എൽഡിഎഫ് നേതാക്കളുമായും പരസ്യയുദ്ധത്തിലായിരുന്നു അൻവർ. മുഖ്യമന്ത്രി പിണറായി വിജയനെതിരെയടക്കം അൻവർ രംഗത്തുവന്നു. ഇതോടെ എൽഡിഎഫ് നേതൃത്വവും അൻവറിനെതിരെ പരസ്യമായ നിലപാടുകളെടുത്തു.
തൃണമൂലിൽ എത്തിയതിന് ശേഷം യുഡിഎഫ് മുന്നണിയിലെത്താൻ അൻവർ കിണഞ്ഞുശ്രമിച്ചിരുന്നു. എന്നാൽ, അൻവറിനെ എടുക്കാം, തൃണമൂലിനെ എടുക്കാനാവില്ല എന്നായിരുന്നു കോൺഗ്രസ് നിലപാട്. അൻവർ നിർദ്ദേശിച്ച സ്ഥാനാർത്ഥിയെ പരിഗണിക്കാനാവില്ലെന്ന് വാശിപിടിച്ച കോൺഗ്രസ് ആര്യാടൻ ഷൗക്കത്തിനെ നിർത്തി അദ്ദേഹത്തെ വീണ്ടും വെല്ലുവിളിച്ചു. ആദ്യം ഭീഷണിയും പിന്നെ യാചനയുമായി അൻവറിൻ്റെ ഭാഷ്യം. ഷൗക്കത്തെങ്കിൽ ഷൗക്കത്ത്, പിന്തുണയ്ക്കാം എന്നായിരുന്നു അവസാനം അൻവറിൻ്റെ നിലപാട്. എന്നാൽ, തൃണമൂലിനെ സഖ്യകക്ഷിയായി പരിഗണിക്കണമെന്ന അൻവറിൻ്റെ അഭ്യർത്ഥനകളൊക്കെ നേതൃത്വം തള്ളി. ഒടുവിലാണ് താൻ സ്വതന്ത്രനായി മത്സരരംഗത്തേക്കിറങ്ങുന്നു എന്ന് അൻവർ പ്രഖ്യാപിച്ചത്.
