മന്ത്രിമാരുടെ ബഹിഷ്കരണത്തിൽ മുഖ്യമന്ത്രിയെ അതൃപ്തി അറിയിക്കാൻ രാജ്ഭവൻ
തിരുവനന്തപുരം: ഭാരതാംബ ചിത്രത്തിൽ വിട്ടുവീഴ്ചയില്ലാതെ രാജ്ഭവൻ. രാജ്ഭവനിൽ നടന്ന പരിപാടി മന്ത്രി വി ശിവൻകുട്ടി ബഹിഷ്കരിച്ച സംഭവത്തിൽ മുഖ്യമന്ത്രിയെ നേരിട്ട് അതൃപ്തി അറിയിക്കാൻ ഒരുങ്ങുകയാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. അടുത്ത തവണ ഗവർണറും മുഖ്യമന്ത്രിയും നേരിട്ട് കാണുമ്പോൾ അതൃപ്തി അറിയിക്കും. ഭാരതാംബ ചിത്ര വിവാദത്തിൽ ഇരുകൂട്ടരും രണ്ട് ദ്രുവങ്ങളിൽ തന്നെയാണ് ഇപ്പോഴും തുടരുന്നത്.
രാജ്ഭവനിൽ ഉദ്ഘാടന ചടങ്ങ് നടത്തിയാൽ ഭാരതാംബ ചിത്രമുണ്ടാകുമെന്നും സംസ്ഥാന സർക്കാർ പരിപാടിയായാലും അതിൽ മാറ്റമുണ്ടാകില്ലെന്നും രാജ്ഭവൻ വൃത്തങ്ങൾ വ്യക്തമാക്കി. അതുകൊണ്ട് സർക്കാരാണ് രാജ്ഭവനിൽ ഉദ്ഘാടന ചടങ്ങുകൾ നടത്തണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്.
സത്യപ്രതിജ്ഞാ ചടങ്ങുകളിൽ ഭാരതാംബയുടെ ചിത്രമുണ്ടാവില്ല.കഴിഞ്ഞ ദിവസം നടന്ന സ്കൗട്ട്സ് പരിപാടി സർക്കാർ പരിപാടിയായിരുന്നില്ലെന്നും രാജ്ഭവൻ കൂട്ടിച്ചേർത്തു.
