വാൽപാറ: കളിക്കുന്നതിനിടെ പുലി പിടിച്ചുകൊണ്ടുപോയ നാലരവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. വാൽപാറ നഗരത്തോടു ചേർന്നുള്ള പച്ചമല എസ്റ്റേറ്റ് തെക്ക് ഡിവിഷനിലെ തൊഴിലാളി ജാർഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകൾ റൂസ്‌നിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എസ്റ്റേറ്റ് ലയത്തിൽ നിന്ന് 300 മീറ്റര്‍ മാറി കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പകുതി ഭക്ഷിച്ച നിലയിലാണ്.
കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെയാണ് സംഭവം. വീട്ട് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു പെൺകുട്ടിയെയാണ് പുലി പിടിച്ചുകൊണ്ടുപോയത്. തേയിലത്തോട്ടത്തിൽ നിന്ന് എത്തിയ പുലിയാണ് കുട്ടിയെ പിടിച്ച് കൊണ്ടുപോയത്. ഇതിനു സമീപത്തായി തെയില നുള്ളിയിരുന്ന തൊഴിലാളികൾ ഇത് കണ്ട് ബഹളംവച്ചെങ്കിലും പുലി കുട്ടിയെ വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു.
ഇന്നലെ വൈകിട്ട് മുതൽ പ്രദേശവാസികളും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയ പരിശോധന നടത്തിയിരുന്നു. ഇന്ന് രാവിലെ മുതൽ കാട്ടിൽ നടത്തിയ വ്യാപക തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പുലി ആക്രമിച്ചശേഷം ഉപേക്ഷിച്ച് പോവുകയായിരുന്നു.
ഝാർഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത – മോനിക്ക ദേവി ദമ്പതികളുടെ മകളാണ് റൂസ്‌നി. കഴിഞ്ഞ ഞായറാഴ്ചയാണ് ഇവർ ജാർഖണ്ഡിൽ നിന്ന് ഇവിടെ ജോലിക്കെത്തിയത്.നിരന്തരമായി പുലിയടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശമാണ് വാൽപ്പാറ.
