ബഹിരാകാശ കേന്ദ്രവും മിസൈൽ സമുച്ചയവും നിലകൊള്ളുന്ന പ്രദേശത്തിന് സമീപമാണ് ഭൂചലനം ഉണ്ടായത്.

തെഹ്‌റാന്‍: ഇറാനില്‍ ഭൂചലനം. ഇന്നലെയാണ് വടക്കൻ ഇറാനിലെ സെംനാന്‍ മേഖലയിൽ ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ പത്ത് കിലോമീറ്റർ ചുറ്റളവിൽ പ്രകടമ്പനം ഉണ്ടായി. ബഹിരാകാശ കേന്ദ്രവും മിസൈൽ സമുച്ചയവും നിലകൊള്ളുന്ന പ്രദേശത്തിന് സമീപമാണ് ഭൂചലനം ഉണ്ടായത്. ഇസ്രയേലുമായുള്ള സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാൻ ആണവായുധ പരീക്ഷണം നടത്തിയതാണോ എന്ന അഭ്യൂഹം ഉയർന്നിട്ടുണ്ട്. ഭൂചലനത്തിൽ നാശനഷ്ടമുണ്ടായിട്ടില്ലെന്നാണ് വിവരം.
ഇസ്രയേൽ-ഇറാൻ സംഘർഷം ഒൻപതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാനില്‍ ആണവ ശാസ്ത്രജ്ഞന്‍ കൊല്ലപ്പെട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞയാഴ്ച ഇറാനിയന്‍ പ്രദേശത്ത് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആണവ ശാസ്ത്രജ്ഞന്‍ എയ്താര്‍ തബതബായിയും ഭാര്യയും കൊല്ലപ്പെട്ടതായാണ് ഇറാൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാന്റെ ആണവ പദ്ധതിയിലെ പ്രധാന ശാസ്ത്രജ്ഞനായിരുന്നു എയ്താര്‍ തബതബായി. പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട ഒരു ഗവേഷണ കേന്ദ്രത്തില്‍ അദ്ദേഹം ജോലി ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതിനിടെ ഇറാനിലെ ഇസ്ഫഹാൻ, തെഹ്റാൻ എന്നിവിടങ്ങളിൽ ആകാശത്ത് സ്ഫോടനം നടന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. നജഫബാദ് നഗരത്തിലെ വ്യോമപ്രതിരോധ സംവിധാനം ഇസ്രയേൽ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതും മാലാഡ് പ്രവിശ്യയിൽ സ്ഫോടനം ഉണ്ടാകുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളതെന്നാണ് അൽജസീറ റിപ്പോർട്ട് ചെയ്തു ഇറാനിലെ ക്വോമിൽ ആൾത്താമസമുള്ള കെട്ടിടത്തിൽ ഇസ്രയേലിൻ്റെ യുദ്ധവിമാനം ബോംബാക്രമണം നടത്തുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇസ്രയേൽ ആക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇറാൻ നൽകുന്നത്. ഇസ്രയേലിലെ പ്രധാനനഗരങ്ങളായ ഹൈഫ, ടെൽഅവീവ്, ബീർഷേബ എന്നിവിടങ്ങളിൽ ഇറാൻ ആക്രമണം നടത്തി. ആക്രമണത്തിൽ പതിനേഴോളം പേർക്ക് പരിക്ക് പറ്റിയതായും രണ്ട് പേരുടെ നില ഗുരുതരമാണെന്നുമാണ് റിപ്പോർട്ടുകൾ.
