ഭാരതാംബ വിഷയത്തിലെ നിലപാടില്‍ മാറ്റമില്ലെന്നും രാജ് ഭവന്‍ ആര്‍എസ്എസ് ഓഫീസല്ലെന്നും മന്ത്രി ആവര്‍ത്തിച്ച് പറഞ്ഞിരുന്നു
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കു നേരെ കരിങ്കൊടി പ്രതിഷേധവുമായി എബിവിപി. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവയ്ക്കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ മന്ത്രിക്കുനേരെ കരിങ്കൊടി കാട്ടിയത്. തിരുവനന്തപുരത്ത് മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടിവീണാണ് എബിവിപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവയ്ക്കുന്നതു വരെ വിദ്യാഭ്യാസ മന്ത്രി പോകുന്ന എല്ലായിടത്തും വണ്ടി തടഞ്ഞ് കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കുമെന്ന് എബിവിപി പ്രവര്‍ത്തകര്‍ പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയം അംഗീകരിപ്പിക്കാനുളള സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിന് ലഭിക്കേണ്ട 1500 കോടി രൂപ കേന്ദ്രസര്‍ക്കാർ തടഞ്ഞുവയ്ക്കുകയാണെന്ന് വി ശിവന്‍കുട്ടി നേരത്തെ ആരോപിച്ചിരുന്നു. വിഷയത്തില്‍ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് സംസ്ഥാനത്തിന്റെ തീരുമാനമെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രിയെയും എന്‍സിഇആര്‍ടി ജനറല്‍ കൗണ്‍സിലിനെയും കേരളത്തിന്റെ ആശങ്കകള്‍ ധരിപ്പിച്ചിട്ടും നടപടിയുണ്ടായില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.
