‘ജോസഫ്’, ‘നായാട്ട്’, ‘ഓഫീസർ ഓൺ ഡ്യൂട്ടി’ എന്നിങ്ങനെയുള്ള സൂപ്പർ ഹിറ്റ് ചലചിത്രങ്ങൾ എഴുതിയ ഷാഹി കബീറിന്റെ കന്നി സംവിധാന സംരംഭമായിരുന്നു ‘ഇലവീഴാ പൂഞ്ചിറ’ എന്ന ഇടിവെട്ട് പടം . അതിനുശേഷം എഴുതി സംവിധാനം ചെയ്ത സിനിമയാണ് നിറഞ്ഞ സദസ്സിൽ പ്രദർപ്പിക്കുന്ന ‘റോന്ത്’. കീഴ് റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥന്മാരുടെ ഒട്ടും തന്നെ നിറക്കൂട്ടുകളില്ലാത്ത മാനസിക വ്യഥകൾ പച്ചയ്ക്കു പറയാനും പറഞ്ഞു ഫലിപ്പിക്കാനും ദൃശ്യവൽക്കരിക്കാനും പൊലീസ് ഓഫിസറായിരുന്ന എന്റെ ഏറ്റവും അടുത്ത ആത്മാർഥ സുഹൃത്തുക്കളിൽ ഒരാളായ ഷാഹി കബീർ കഴിഞ്ഞിട്ടേ ഭൂമി മലയാളത്തിൽ വേറെ ചലച്ചിത്രകാരന്മാർ ഉണ്ടാകൂ.
‘റോന്ത്’ സിനിമയിലെ നായകന്മാരിൽ ഒരാളെ സഹായിക്കുന്ന കഥാപാത്രത്തിന്റെ ഘടനയും രൂപവും ദേശീയ അവാർഡ് ജേതാവും എന്റെ ഗുരുനാഥനും കൂടിയായ സാക്ഷാൽ ഭരത് ചാരുഹാസൻ സാറിനെപോലെയാണ് എന്നാണ് ഷാഹി പറഞ്ഞത്. ചെന്നൈയിൽനിന്നും ഷൂട്ടിങ് ലൊക്കേഷനായ ഇരിട്ടിയിലേക്ക് സഞ്ചരിക്കാൻ ചാരുസാറിന് കഴിയില്ല എന്നതിനാൽ ഷാഹിയുടെ മനസ്സ് ചെന്നുടക്കിയത് നല്ല മനുഷ്യനും വ്യവസായ പ്രമുഖനുമായ ഞാൻ ആരാധിക്കുന്ന കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി എന്ന മഹാരഥനിലായിരുന്നു. ദൈവങ്ങളെ മനസ്സിൽ സ്മരിച്ച് കൊച്ചൗസേപ്പ് സാറിനെ അദ്ദേഹത്തിന്റെ ഓഫിസിൽ ചെന്ന് കണ്ട് കാര്യംപറഞ്ഞു, സിനിമാ അഭിനയത്തോടെന്നല്ല യാതൊരു തരത്തിലുള്ള അഭിനയത്തോടും അശേഷം താല്പര്യം ഇല്ലാതെ ഒഴിഞ്ഞു മാറിയ സാറിനെ ഞാനും ഷാഹിയും സത്യസന്ധമായി സംസാരിച്ച് സ്നേഹിച്ചപ്പോൾ ശ്രമിക്കാമെന്നായി.
