ടാന്യ ത്യാഗി

ഒട്ടാവ: കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് കാൽഗറിയിലെ ഇന്ത്യന്‍ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹി സ്വദേശി ആയ ടാന്യ ത്യാഗിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത് എന്ന് വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വ്യാഴാഴ്ച അറിയിച്ചു. മരണകാരണം വ്യക്തമല്ല എന്നാണ് എക്സിലെ കുറിപ്പിൽ കോൺസുലേറ്റ് ജനറൽ അറിയിച്ചിരിക്കുന്നത്.

കുടുംബവുമായും അധികൃതരുമായും ബന്ധപ്പെടുന്നുണ്ടെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. മരണകാരണം എന്താണെന്ന് കനേഡിയൻ അധികൃതരും പുറത്തുവിട്ടിട്ടില്ല. അതേസമയം, ഹൃദയാഘാതത്തെ തുടർന്നാണ് ടാന്യ മരിച്ചതെന്നു ചൂണ്ടിക്കാട്ടി സമൂഹമാധ്യമത്തിൽ പ്രചാരണം നടക്കുന്നുണ്ട്.

വിദേശത്ത് പഠിക്കാൻ പോകുന്ന ഇന്ത്യൻ വിദ്യാർഥികൾ ദുരൂഹ സാഹചര്യത്തിലും അല്ലാതെയും മരിക്കുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ടാന്യയുടെ മരണവും ആശങ്കയുയർത്തുന്നുണ്ട്. ഈ മാസം ആദ്യം ഇന്ത്യൻ വംശജയും യുഎസ് പൗരയുമായ സുദിക്ഷ കൊനാൻകിയെ അവധി ആഘോഷിക്കുന്നതിനിടയിൽ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ വച്ച് കാണാതായിരുന്നു. മാർച്ച് ആറിന് ലാ അൽടഗ്രേസിയ പ്രവിശ്യയിലെ റിയു പുന്ത കാന ഹോട്ടലിനു സമീപത്തെ ബീച്ചിൽ വച്ചാണ് യൂണിവേഴ്സിറ്റി ഓഫ് പിസ്റ്റ്സ്ബർഗ് വിദ്യാർഥിയയ സുദിക്ഷയെ അവസാനമായി കണ്ടതെന്നാണ് സ്പാനിഷ് മാധ്യമങ്ങളുടെ റിപ്പോർട്ട്.