യുഎസിന്റെ ബി 2 സ്പിരിറ്റ് സ്റ്റെൽത്ത് ബോംബർ എന്ന യുദ്ധ വിമാനം ഇറാനിൽ ചീറിപായുമോ എന്ന് ഉറ്റു നോക്കുകയാണ് ലോകം. 1996ൽ പുറത്തിറങ്ങിയ ഹോളിവുഡ് ബ്ലോക്ബസ്റ്റർ ചലച്ചിത്രമായ ഇൻഡിപെൻഡൻസ് ഡേയിൽ ബി2 സ്പിരിറ്റ് ഒരു പ്രശസ്തമായ സീനിൽ കാണിക്കുന്ന ഈ വിമാനം ഇറാന്റെ ആകാശങ്ങളിൽ എത്തിയാൽ ഫോർഡോയുടെ നാശമായിരിക്കും സംഭവിക്കുക.

ആണവപദ്ധതിയിൽ നിന്ന് അണുവിട പിന്നോട്ടില്ലെന്ന് കടുംപിടിത്തത്തിൽ ഖമേനി ഉറച്ച നില്കുയുമ്പോൾ ട്രംപ് അല്പം കൂടി കാക്കുകയാണ്. വ്യാപകമായി ഇറാന്റെ ആണവസമ്പുഷ്ടീകരണം നടക്കുന്ന ഫോർദോ നിലയം ഇസ്രയേലിന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്നാണ്. യുഎസിന്റെ എംഒപി ബങ്കർ ബസ്റ്റർ ബോംബുകൾക്കു മാത്രമാണ് പർവതങ്ങൾക്കടിയിലുള്ള ഈ നിലയം നശിപ്പിക്കാനാകു

ഈ ബോംബുകൾ വഹിക്കാൻ ശേഷിയുള്ള, ലോകത്തെ ഒരേയൊരു വിമാനം യുഎസിന്റെ ബി2 സ്പിരിറ്റ് സ്റ്റെൽത്ത് ബോംബറാണ്. നോർത്രോപ് ഗ്രമ്മൻ എന്ന കമ്പനിയാണു വിചിത്രമായ ആകൃതിയുള്ള ഈ യുദ്ധവിമാനം നിർമിച്ചിട്ടുള്ളത്. 18000 കിലോവരെ ഭാരമുള്ള ബോംബുകൾ വഹിക്കാൻ ഇതിനു ശേഷിയുണ്ട്.

ഹെവി ബോംബർ എന്ന യുദ്ധവിമാന വിഭാഗത്തിൽ പെടുന്നതാണ് ഈ വിമാനം. യുഎസ് എയർഫോഴ്സ് മാത്രമാണ് ഈ വിമാനം പറത്താറുള്ളത്, നേവി ഇതുപയോഗിക്കാറില്ല. ഒറ്റത്തവണ ഇന്ധനം നിറച്ചാൽ 18500 കിലോമീറ്ററോളം ഈ വിമാനം പറക്കും. മണിക്കൂറുകൾക്കുള്ളിൽ ലോകത്തെവിടെയും എത്താൻ ഇതിനു സാധിക്കും. ഒരു വലിയ പട്ടം പോലെ ആകാശത്തു തോന്നുന്ന രൂപഘട‌നയുള്ള ഈ വിമാനത്തിന്റെ സ്റ്റെൽത്ത് ശേഷിയും കെങ്കേമമാണ്. അതിനാൽ തന്നെ ഇതിനെ കണ്ടെത്താൻ പാടാണ്. അതിനാൽ തന്നെ വലിയ വ്യോമപ്രതിരോധ സംവിധാനങ്ങളെപ്പോലും കബളിപ്പിച്ചുകയറാൻ ഇതിനു സാധിക്കും.