അമേരിക്കയുടെ പ്രതിരോധ ആയുധശേഖരത്തിലെ കരുത്തായ ഡൂംസ് ഡേ പ്ലെയിന്‍ ആകാശ് പറന്നുയര്‍ന്നു നിരീക്ഷണം നടത്തിയതും വാഷിംഗ്ടണിലെത്തിയതും മിഡില്‍ ഈസ്റ്റില്‍ ആശങ്ക പരത്തി. ഇസ്രയേല്‍ – ഇറാന്‍ യുദ്ധം കനക്കുമ്പോള്‍ ആദ്യം ഒഴിഞ്ഞുനിന്ന് പ്രതികരിച്ച അമേരിക്കയ്‌ക്കെതിരെ ഇസ്രയേലിനെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച് ഇറാന്‍ വെല്ലുവിളി നടത്തിയിരുന്നു. ഇതോടെ ഇറാനെതിരെ അമേരിക്ക നടപടികള്‍ക്ക് നീങ്ങുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ യുഎസില്‍ നിന്ന് പുറത്തുവരുന്നതിനിടയിലാണ് അമേരിക്കയുടെ ഡൂംസ് ഡേ പ്ലെയിനുകളിലൊന്ന് ആകാശത്ത് പറന്നുയര്‍ന്ന് നിരീക്ഷണം നടത്തിയത്. ആണവ ആക്രമണത്തെ അതിജീവിക്കാന്‍ കഴിയുന്ന E-4B നൈറ്റ് വാച്ച് എന്നറിയപ്പെടുന്ന വിമാനം നാല് മണിക്കൂറിലധികം ആകാശ നിരീക്ഷണം നടത്തിയതിനുശേഷം വാഷിംഗ്ചണിലെ മേരിലാന്‍ഡിലെ ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ ലാന്‍ഡ് ചെയ്തു.
ചൊവ്വാഴ്ച രാത്രിയിലാണ് ലീസിയാനയിലെ ബോസിയര്‍ നഗരത്തിലെ ബാര്‍ക്സ്ഡെയ്ല്‍ വ്യോമസേനാ താവളത്തില്‍ നിന്നും യുഎസ് സൈനിക വിമാനമായ ‘ഡൂംസ്‌ഡേ പ്ലെയിന്‍’ പറന്നുയര്‍ന്നത്. സാധാരണയില്‍ കഴിഞ്ഞും സമയമെടുത്ത് നാല് മണിക്കൂറോളം റോന്ത് ചുറ്റിയാണ് വാഷിംഗ്ടണിലേക്ക് ഡൂംസ് ഡേ പ്ലെയിന്‍ എത്തിയത്. പ്രതിരോധ സെക്രട്ടറിയെയും മറ്റ് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരെയും സംരക്ഷിക്കുന്നതിനും ആണവയുദ്ധസമയത്ത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായകമാകാനും വേണ്ടി രൂപകല്‍പ്പന ചെയ്ത വിമാനമായ E-4B നൈറ്റ് വാച്ച് ഫ്‌ലൈറ്റ് ട്രാക്കറിലും കാണാമായിരുന്നു.
‘ഡൂംസ്‌ഡേ വിമാനം’ എന്നത് യുഎസ് വ്യോമസേന പ്രവര്‍ത്തിപ്പിക്കുന്ന വളരെ സ്‌പെഷ്യലൈസ് ചെയ്ത വിമാനമാണ്. നാഷണല്‍ എയര്‍ബോണ്‍ ഓപ്പറേഷന്‍സ് സെന്റര്‍ (NAOC) ആയി പ്രവര്‍ത്തിക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. പ്രസിഡന്റ്, പ്രതിരോധ സെക്രട്ടറി, ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍മാര്‍ എന്നിവര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ നിര്‍ണായക കമാന്‍ഡ്, നിയന്ത്രണം, ആശയവിനിമയം എന്നിവ ഉറപ്പാക്കുന്നതിന് ഒരു എയര്‍ബോണ്‍ കമാന്‍ഡ് സെന്ററായി പ്രവര്‍ത്തിക്കുന്ന നാല് E-4B വിമാനങ്ങള്‍ യുഎസിലുണ്ട്. ഒരു ആണവ ആക്രമണം ഉണ്ടാവുകയാണെങ്കില്‍ അമേരിക്കന്‍ സൈന്യത്തിന്റെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററായി പ്രവര്‍ത്തിക്കാന്‍ E-4B നൈറ്റ് വാച്ച് വിമാനത്തിന് സാധിക്കും. ബ്രീഫിങ് റൂം, കോണ്‍ഫറന്‍സ് റൂം, ആശയവിനിമയ മേഖല, വിശ്രമത്തിനായി 18 ബങ്കുകള്‍ എന്നിവയുള്‍പ്പെടെ മൂന്ന് ഡെക്കുകളാണ് വിമാനത്തിലുള്ളത്. പറന്നുകൊണ്ടിരിക്കുമ്പോള്‍ ഇന്ധനം നിറയ്ക്കാനുള്ള ശേഷിയുള്ളതിനാല്‍ 35 മണിക്കൂറിലധികം സമയം ലാന്‍ഡിങ് നടത്താതെ ഈ വിമാനത്തിന് വായുവില്‍ തുടരാന്‍ സാധിക്കും.
ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം, ഓരോ E-4B നൈറ്റ് വാച്ചിലും 112 പേരുടെ ഒരു ക്രൂവിനെ ഉള്‍ക്കൊള്ളാന്‍ കഴിയും, കൂടാതെ 7,000 മൈലിലധികം ദൂരപരിധിയുമുണ്ട് ഈ വിമാനങ്ങള്‍ക്ക്. അവയ്ക്ക് ആണവ സ്‌ഫോടനങ്ങള്‍, സൈബര്‍ ആക്രമണങ്ങള്‍, വൈദ്യുതകാന്തിക പ്രഭാവങ്ങള്‍ എന്നിവയെ ചെറുക്കാന്‍ കഴിയുന്ന രീതിയിലാണ് രൂപകല്‍പന. യാത്രികരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം മിസൈലുകള്‍ പ്രയോഗിച്ച് ശത്രുവിനെ തകര്‍ക്കാനും ഡൂംസ് ഡേയ്ക്ക് കഴിയും.
