വിളിച്ചിട്ടില്ലെങ്കില്‍ അത് ചെറിയ കാര്യമാണെന്നും സംസാരിച്ച് തീര്‍ക്കണമെന്നും തിരുവഞ്ചൂര്‍
തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തന്നെ ആരും ക്ഷണിച്ചില്ലായെന്ന ശശി തരൂര്‍ എംപിയുടെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ആരെയും വിളിച്ചതല്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ സ്വാഭാവികമായും ഒരു ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആ ഉത്തരവാദിത്തം തങ്ങളില്‍ അധിഷ്ഠിതമാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
വിളിച്ചിട്ടില്ലെങ്കില്‍ അത് ചെറിയ കാര്യമാണ്. സംസാരിച്ച് തീര്‍ക്കണം. പോളിങ് ദിനത്തില്‍ വിഷയമാക്കിയത് ഗുണകരമല്ല. ഒന്നര മാസക്കാലം പ്രചരണത്തിന് ശേഷം പോളിങ് ബൂത്തില്‍ ആളുകള്‍ എത്തുമ്പോള്‍ വിവാദമുണ്ടാക്കണോയെന്നാണ് പ്രശ്‌നം. ഏകീകൃത രൂപത്തിലുള്ള ശക്തിയാണ് കാണിക്കേണ്ടത്. പോളിങ് കഴിഞ്ഞതിന് ശേഷം അതിന് അഭിപ്രായം പറയാം’, തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.
ശശി തരൂര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പൊതു സ്വത്താണെന്നും അദ്ദേഹത്തിന് രാഷ്ട്രീയത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നതിന് വേണ്ടിയുള്ള എല്ലാ അന്തരീക്ഷവും ഒരുക്കിയത് കോണ്‍ഗ്രസാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ദേശീയ-അന്തര്‍ദേശീയ തലത്തില്‍ സുപ്രധാന കാര്യങ്ങള്‍ ഏല്‍പ്പിക്കാന്‍ പറ്റിയയാളാണെന്നും എല്ലാത്തിനും യോഗ്യനാണെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.
