പാക് സൈനിക മേധാവി അസിം മുനീറിന് വൈറ്റ് ഹൗസിൽ വിരുന്നൊരുക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ന്യൂഡൽഹി: പാക് സൈനിക മേധാവി അസിം മുനീറിന് വൈറ്റ് ഹൗസിൽ വിരുന്നൊരുക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഉന്നത ഉദ്യോഗസ്ഥർ ഇല്ലാതെ ആദ്യമായാണ് ഒരു പാക് സൈനിക മേധാവിക്ക് യുഎസ് പ്രസിഡന്റ് വിരുന്നൊരുക്കുന്നത്. അസിം മുനീറിനെ കാണാൻ കഴിഞ്ഞത് ബഹുമതിയായി കാണുന്നുവെന്നാണ് ട്രംപ് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചത്.
യുദ്ധത്തിന് പോകാത്തതിന് നന്ദി അറിയിക്കാനായാണ് അദേഹത്തെ ക്ഷണിച്ചതെന്ന് ട്രംപ് പറഞ്ഞു. “ഇന്ത്യയുമായി യുദ്ധത്തിന് പോകാത്തതിന് നന്ദി പറയാൻ വേണ്ടിയാണ് ഞാൻ അദ്ദേഹത്തെ ഇവിടെ കൊണ്ടുവന്നത്. പ്രധാനമന്ത്രി മോദിക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ത്യയും പാകിസ്താനുമായി ഒരു വ്യാപാര കരാറിൽ എത്താൻ ഞങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ആണവ യുദ്ധമാകാൻ സാധ്യതയുള്ള ഒരു യുദ്ധം തുടരേണ്ടതില്ലെന്ന് ഇരുവരും തീരുമാനിച്ചു. പാകിസ്താനും ഇന്ത്യയും രണ്ട് വലിയ ആണവ ശക്തികളാണ്” ട്രംപ് പറഞ്ഞു.
