തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തന്നെ ആരും ക്ഷണിച്ചില്ലായെന്ന് വെളിപ്പെടുത്തി എഐസിസി അംഗം ശശി തരൂര്‍ എംപി. നിലമ്പൂരിലേക്ക് തന്നെ ആരും ക്ഷണിച്ചില്ല. മിസ്‌കോള്‍ പോലും ലഭിച്ചില്ല. ക്ഷണിരുന്നെങ്കില്‍ പോകുമായിരുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു. ഷൗക്കത്ത് നല്ല സ്ഥാനാര്‍ത്ഥിയാണ്. അദ്ദേഹം ജയിക്കണം. നിലമ്പൂരില്‍ എന്റെ ആവശ്യം ഉണ്ടായിരുന്നില്ലായെന്നാണ് കരുതുന്നത്. അല്ലാതെ തന്നെ അദ്ദേഹം വിജയിക്കും. ചില കോണ്‍ഗ്രസ് നേതൃത്വത്തോട് അഭിപ്രായ വ്യത്യാസം ഉണ്ട്. എല്ലാം നിങ്ങള്‍ക്ക് അറിയാം, ഒളിക്കാനൊന്നുമില്ലായെന്നും ശശിതരൂര്‍ വ്യക്തമാക്കി.

അതേ സമയം, താന്‍ പ്രധാനമന്ത്രിയെ കണ്ടത് ഡെലിഗേഷനെക്കുറിച്ച് സംസാരിക്കാനാണെന്നും മറ്റൊന്നുമില്ലായെന്നും ബിജെപിയിലേക്ക് പോകാന്‍ ഉദ്ദേശമില്ലെന്നും തരൂര്‍ പറഞ്ഞു. ‘ഓപ്പറേഷന്‍ സിന്ദൂറില്‍ ഞാന്‍ പറഞ്ഞത് എൻ്റെ അഭിപ്രായം ആണ്. പാര്‍ട്ടി എന്നെക്കുറിച്ച് എന്താണ് കരുതുന്നതെന്ന് അറിയില്ല. ഞാന്‍ എവിടേക്കും പോകുന്നില്ല. കോണ്‍ഗ്രസില്‍ അംഗമാണ്’ തരൂര്‍ കൂട്ടി ചേര്‍ത്തു.
ഇന്ന് രാവിലെ ഏഴ് മണിയോടെ നിലമ്പൂരിൽ വോട്ടെടുപ്പ് ആരംഭിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പിൽ സ്വന്തം ബൂത്തിൽ ആദ്യവോട്ടറായി എത്തിയത് നാടക-സാമൂഹിക പ്രവര്‍ത്തക നിലമ്പൂര്‍ ആയിഷയായിരുന്നു. വൈകിട്ട് ആറു വരെയാണ് പോളിംങ് നടക്കുക. കൊട്ടിക്കലാശത്തിന്റെ ആവേശം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. 263 പോളിങ് ബൂത്തിലായി 2,32,381 വോട്ടർമാരാണ്‌ ഇന്ന് നിലമ്പൂരിൻ്റെ വിധിയെഴുതുക. വോട്ടർമാരിൽ 1,13,613 പുരുഷന്മാരും 1,18,760 വനിതകളും എട്ട് ട്രാൻസ്‌ ജെൻഡർമാരുമുണ്ട്‌.