കൊല്ലം : കേരളത്തിന്റെ വൈജ്ഞാനിക മുന്നേറ്റത്തിന് സാക്ഷരത പ്രസ്ഥാനത്തിലൂടെ പി എൻ പണിക്കർ വഹിച്ച പങ്ക് നിസ്തുലമാണെന്ന് പി സി വിഷ്ണു നാഥ് എം എൽ എ അഭിപ്രായപ്പെട്ടു. കേരളത്തിൽ ഗ്രാമീണ ഗ്രന്ഥ ശാലകൾ സ്ഥാപിച്ച് എഴുത്തും വായനയും ജനകീയമാക്കി കേരളത്തെ സമ്പൂർണ സാക്ഷരതയിലേക്ക് നയിച്ചത് പി എൻ പണിക്കരുടെ നേതൃത്വത്തിൽ നടന്ന ജനകീയ മുന്നേറ്റമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരള അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്മെന്റ് പത്തനാപുരം ഗാന്ധി ഭവൻ വേൾഡ് മലയാളീ കൗൺസിൽ കാൻഫെഡ് ഏന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായന ദിനപരിപാടികളുടെ ജില്ലാതല ഉത്ഘാടനം പത്തനാപുരം ഗാന്ധി ഭവനിൽ പി സി വിഷ്ണു നാഥ് നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാൻഫെഡ് ജില്ലാ ചെയർമാനും വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡൻ്റുമായ ഡോ നടയ്ക്കൽ ശശി യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗാന്ധി ഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ വേൾഡ് മലയാളീ കൗൺസിൽ ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, കളേഴ്‌സ് പ്രസിഡന്റ് എസ് സുധീശൻ, വേൾഡ് മലയാളി കൗൺസിൽ ട്രാവൻകൂർ പ്രോവിൻസ് പ്രസിഡന്റ് ബി ചന്ദ്രമോഹൻ എം ഗോപാല കൃഷ്ണ പിള്ള എന്നിവർ പ്രസംഗിച്ചു. ഈ വർഷത്തെ സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ജി പി നന്ദനയെ ചടങ്ങിൽ ആദരിച്ചു.
