പ്രതീകാത്മക ചിത്രം
മലപ്പുറം: തിരൂരിൽ ഒമ്പത് മാസം പ്രായമായ കുഞ്ഞിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റ കേസിൽ മാതാപിതാക്കൾ പിടിയിൽ. കുട്ടിയുടെ മാതാപിതാക്കളും വാങ്ങിയവരും തമിഴ്നാട് സ്വദേശികളാണ്. കുഞ്ഞിന്റെ അമ്മ കീർത്തന, രണ്ടാനച്ഛൻ ശിവ, കുട്ടിയെ വാങ്ങിയ ആദി ലക്ഷ്മി, ഇടനിലക്കാരായ ശെന്തിൽ കുമാർ, പ്രേമലത എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. വിവരമറിഞ്ഞെത്തിയ പോലീസ് കുട്ടിയെ രക്ഷപ്പെടുത്തി. എന്നാൽ വളർത്താനാണ് തങ്ങൾ കുട്ടിയെ വാങ്ങിയതെന്നാണ് ഇവർ പോലീസിന് നൽകിയ മൊഴി.
ഒമ്പത് മാസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് അമ്മയും രണ്ടാനച്ഛനും ചേർന്ന് വിറ്റത്. കുട്ടിയെ വാങ്ങിയ യുവതി കോഴിക്കോട് താമസിക്കുന്ന തമിഴ്നാട് സ്വദേശിയാണ്. ആദ്യം മൂന്ന് ലക്ഷം രൂപയാണ് കുഞ്ഞിനെ വിൽക്കാൻ ഇവർ ആവശ്യപ്പെട്ടത്. പിന്നീട് ഒന്നരലക്ഷം രൂപയ്ക്ക് കരാറുറപ്പിച്ച് കുട്ടിയെ കൈമാറുകയായിരുന്നു. തമിഴ്നാട് സേലം സ്വദേശികളായ കുട്ടിയുടെ മാതാപിതാക്കൾ തിരൂരിലുളള വാടക ക്വാർട്ടേഴ്സിലാണ് താമസിച്ചിരുന്നത്.
കുട്ടിയെ കാണാതെ വന്നതോടെ അയർക്കാരാണ് വിവരം ആദ്യം തിരക്കിയത്. മാതാപിതാക്കളായ കീർത്തനയോടും രണ്ടാനച്ഛനായ ശിവയോടും കാര്യങ്ങൾ തിരക്കിയെങ്കിലും ഉത്തരം വ്യക്തമല്ലായിരുന്നു. ഇതേതുടർന്ന് സംശയം തോന്നിയ അയർക്കാർ തിരൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.
പോലീസെത്തി അന്വേഷിച്ചെങ്കിലും ഇവർ വ്യക്തമായ മറുപടി നൽകിയില്ല. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കുഞ്ഞിനെ മറ്റൊരാൾക്ക് വിറ്റതായി ഇവർ മൊഴി നൽകിയത്. കുട്ടിയെ വാങ്ങിയ യുവതി പറയുന്നത് സ്വന്തം മകളായി വളർത്താനാണ് കുഞ്ഞിനെ വാങ്ങിയതെന്നാണ്. കുഞ്ഞിൻറെ അമ്മയായ കീർത്തനയുടെ ആദ്യ ഭർത്താവിലെ കുട്ടിയെയാണ് വിൽക്കാൻ ശ്രമിച്ചത്. നിലവിൽ കുഞ്ഞിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
