പ്രതീകാത്മക ചിത്രം

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഷാർജ, ദുബായ് എന്നിവിടങ്ങളിലേക്കുള്ള തിങ്കളാഴ്ചത്തെ എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ റദ്ധാക്കി. സാങ്കേതിക കാരണങ്ങൾ കൊണ്ടാണ് സർവീസ് റദ്ധാക്കിയതെന്ന് അധികൃതർ അറിയിച്ചു. തിങ്കളാഴ്ച വൈകീട്ട് 4.20നും രാത്രി 7.50നും ഉള്ള ഷാർജ സർവീസുകളും രാത്രി 11.10നുള്ള ദുബായ് സർവീസുമാണ് എയർ ഇന്ത്യ റദ്ധാക്കിയത്.

കൂടാതെ, കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ വിവിധ സർവീസുകളും വൈകി. തിങ്കളാഴ്ച രാവിലെ 9.15ന് പുറപ്പെടേണ്ട മസ്കറ്റ് സർവീസ് ഉച്ചയ്ക്ക് 12.05നാണ് പുറപ്പെട്ടത്. രാത്രി 7.15ന് ദോഹയിലേക്ക് പുറപ്പെടേണ്ട വിമാനം 10.05നാണ് പുറപ്പെട്ടത്. അതുപോലെ തന്നെ, വൈകീട്ട് 6.20ന് എത്തേണ്ട ദുബായിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം ചൊവ്വാഴ്‌ച രാവിലെ 6.50ലേക്ക് റീഷെഡ്യൂൾ ചെയ്‌തു. സാങ്കേതിക കാരണങ്ങളാൽ എയർ ഇന്ത്യയുടെ മസ്‌കറ്റ്, ഷാർജ സർവീസുകളും മണിക്കൂറുകളോളം വൈകി. കഴിഞ്ഞ ദിവസം വിവിധ സർവീസുകൾ വൈകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് തിങ്കളാഴ്ചത്തെ സർവീസുകൾ വൈകിയത്.

അതേസമയം, കൊച്ചി വിമാനത്താവളത്തിൽ നിന്നുള്ള തിങ്കളാഴ്ചത്തെ രണ്ട് വിമാന സർവീസുകളും റദ്ധാക്കി. രാത്രി 8.20ന് കൊച്ചിയിൽ നിന്ന് റിയാദിലേക്ക് പുറപ്പെടേണ്ടിയിരുന്ന സൗദി എയർലൈൻസും രാത്രി 11.10ന് ബാങ്കോക്കിലേക്ക് പുറപ്പെടേണ്ടിയിരുന്ന തായ് എയർ ഏഷ്യയുടെ സർവീസുമാണ് റദ്ദാക്കിയത് സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി റദ്ധാക്കിയത്.

തിങ്കളാഴ്ച അർധരാത്രി 12.40ന് ഷാർജയിൽ നിന്ന് കരിപ്പൂരിൽ എത്തേണ്ടിയിരുന്ന ഐഎക്‌സ്-351 വിമാനവും സർവീസ് റദ്ധാക്കി. കൂടാതെ, ചൊവ്വാഴ്‌ച പുലർച്ചെ 2.35ന് കരിപ്പൂരിൽ നിന്ന് ഷാർജയിലേക്ക് പോകേണ്ടിയിരുന്ന ഐഎക്സ്-354 വിമാനവും, ചൊവ്വാഴ്‌ച രാവിലെ 9.45ന് പുറപ്പെടേണ്ടിയിരുന്ന ഐഎക്സ്-352 ഷാർജ സർവീസും റദ്ദാക്കിയിട്ടുണ്ട്.