പല ഘട്ടമായി ആക്രമണം തുടരുമെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

ജറുസലെം: ഇസ്രായേലിന്‍റെ സൈനിക ഇന്‍റലിജൻസ് കേന്ദ്രത്തെയും മൊസാദ് പ്ലാനിംഗ് സെന്‍ററിനെയും ഇറാന്‍റെ റവല്യൂഷനറി ഗാർഡ് ആക്രമിച്ചതായി തസ്നിം വാർത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്യുന്നു. പല ഘട്ടമായി ആക്രമണം തുടരുമെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാന്‍റെ പുതിയ മിലിട്ടറി കമാൻഡറെ വധിച്ചതായി ഇസ്രായേൽ അറിയിച്ചിരുന്നു. തെഹ്‌റാനിൽ നടന്ന ആക്രമണത്തിൽ ഐആർജിസിയുടെ ഖതം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്‌സ് തലവനായ അലി ഷദ്മാനിയെ വധിച്ചെന്നാണ് സൈന്യത്തിന്‍റെ അവകാശവാദം. ഇറാന്‍റെ ഏറ്റവും മുതിർന്ന സൈനിക കമാൻഡറാണെന്നും ഇറാനിയൻ പരമോന്നത നേതാവ് അലി ഖമേനിയുമായി ഏറ്റവും അടുത്ത വ്യക്തിയുമാണ് ഷാദ്മാനി. എന്നാൽ അലി ഷദ്മാനി കൊല്ലപ്പെട്ടോ എന്ന കാര്യം ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. അതേസമയം ഇറാനെതിരായ ആക്രമണം തുടരുമെന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി ഇസ്രായേൽ കാറ്റ്സ് വ്യക്തമാക്കിയിരുന്നു. ഇറാഖ് നേതാവ് സദ്ദാം ഹുസൈന്‍റെ അതേ അന്ത്യമായിരിക്കും ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലിം ഖാംനഈയെക്കുമെന്നും മുന്നറിയിപ്പ് നൽകി. “യുദ്ധക്കുറ്റകൃത്യങ്ങൾ തുടരുന്നതിനെതിരെയും ഇസ്രായേലി സിവിലിയന്മാർക്ക് നേരെ മിസൈലുകൾ തൊടുത്തുവിടുന്നതിനെതിരെയും ഞാൻ ഇറാനിയൻ ഏകാധിപതിക്ക് മുന്നറിയിപ്പ് നൽകുന്നു,” കാറ്റ്സ് പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.