ഒട്ടാവ: ഇസ്രയേലിനെ പിന്തുണച്ച് ജി-7 ഉച്ചകോടി. ഇസ്രയേലിന് പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് കാനഡയില്‍ ചേര്‍ന്ന ജി-7 രാജ്യങ്ങളുടെ പ്രതിനിധികള്‍ പറഞ്ഞു. മധ്യപൂര്‍വേഷ്യയിലെ സ്ഥിതിഗതികള്‍ വഷളാക്കിയത് ഇറാന്‍ ആണെന്നും ജി-7 ആരോപിച്ചു. അതേസമയം, ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരിക്കണമെന്നും ജി 7 ആവശ്യപ്പെട്ടു.

മധ്യപൂര്‍വ്വേഷ്യയിലെ അസ്ഥിരതയുടെയും ഭീകരതയുടെയും പ്രധാന ഉറവിടം ഇറാന്‍ ആണ്. ഇറാന് ഒരിക്കലും ആണവായുധം കൈവശം വയ്ക്കാനുള്ള അവകാശമില്ലെന്നും പ്രസ്താവനയില്‍ വിശദീകരിക്കുന്നു. എത്രയും വേഗത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇറാന്‍ തയ്യാറാകണമെന്നും ജി-7 പ്രതിനിധികള്‍ ആവശ്യപ്പെട്ടു. അതേസമയം, ജി-7 ഉച്ചകോടിക്കിടെനിന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മടങ്ങി. വാഷിംഗ്ടണില്‍ അദ്ദേഹത്തിന് ‘പ്രധാനപ്പെട്ട കാര്യങ്ങള്‍’ ചെയ്യാനുണ്ടെന്നാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം.

ട്രംപിന്റെ നേരത്തെയുള്ള മടക്കം ഇസ്രയേല്‍-ഇറാന്‍ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ടാണ് എന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണടക്കം രാവിലെ പറഞ്ഞിരുന്നു. എന്നാല്‍, ഇക്കാര്യം തള്ളുകയും മാക്രോണ്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പറഞ്ഞുകൊണ്ട് ട്രംപ് രംഗത്തെത്തി. തന്റെ മടക്കത്തിന് പിന്നില്‍ വെടിനിര്‍ത്തലുമായി ബന്ധമില്ലെന്ന് അറിയിച്ച ട്രംപ് അതിനേക്കാള്‍ വളരെ വലിയ കാര്യത്തിനാണെന്നും വ്യക്തമാക്കി.

ഇതിനിടെ, ഇറാന്റെ ആണവ പദ്ധതിക്ക് ഒരു ‘യഥാര്‍ത്ഥ അന്ത്യം’ ഉണ്ടാകണമെന്ന് താനാഗ്രഹിക്കുന്നതായി ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ‘ഞാന്‍ വെടിനിര്‍ത്തല്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞിട്ടില്ല, ഇറാന്‍ ആണവ പദ്ധതികള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നത്. ഇറാനെതിരായ ആക്രമണത്തിന്റെ വേഗം ഇസ്രായേല്‍ കുറയ്ക്കുമെന്ന് ഞാന്‍ കരുതുന്നില്ല. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ നിങ്ങള്‍ അത് തിരിച്ചറിയും.’ ട്രംപ് പറഞ്ഞു. മേഖലയിലെ യുഎസ് താല്‍പ്പര്യങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഇറാനെതിരെ ശക്തമായ നടപടിയെടുക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.