കുറച്ചുദിവസം മുന്‍പ് തെക്കന്‍ ഗാസയിലെ റഫയില്‍ ഭക്ഷണവിതരണ കേന്ദ്രത്തിനടുത്ത് ഇസ്രയേല്‍ നടത്തിയ വെടിവെപ്പില്‍ 27 പേര്‍ കൊല്ലപ്പെടുകയും 182 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ജെറുസലേം: ഗാസ മുനമ്പില്‍ ഭക്ഷണമുള്‍പ്പെടെയുളള സഹായവുമായി എത്തുന്ന ട്രക്കുകള്‍ക്കായി കാത്തുനിന്ന 45 പലസ്തീനികള്‍ ഇസ്രയേല്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. പരിക്കേറ്റവരെ ഉടന്‍ എത്തിച്ചത് നാസര്‍ ആശുപത്രിയിലേക്കാണ്. ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റവരെ കൊണ്ട് ആശുപത്രി നിറഞ്ഞിരിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ ഇസ്രയേല്‍ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഭക്ഷണം കാത്തുനിന്നവരെ ഇസ്രയേല്‍ വെടിവെച്ച് കൊല്ലുന്നത് ഇത് ആദ്യത്തെ സംഭവമല്ല. കുറച്ചുദിവസം മുന്‍പ് തെക്കന്‍ ഗാസയിലെ റഫയില്‍ ഭക്ഷണവിതരണ കേന്ദ്രത്തിനടുത്ത് ഇസ്രയേല്‍ നടത്തിയ വെടിവെപ്പില്‍ 27 പേര്‍ കൊല്ലപ്പെടുകയും 182 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇസ്രയേലിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ കേന്ദ്രത്തില്‍ ഭക്ഷണം വാങ്ങാനെത്തിയവരെയാണ് ഇസ്രയേല്‍ ആക്രമിച്ചത്. നിര്‍ദേശിച്ച വഴിയില്‍ നിന്ന് മാറി സൈന്യത്തിനു നേരെ നീങ്ങിയതിനാല്‍ സംശയം തോന്നിയാണ് ഇവര്‍ക്കുനേരെ വെടിയുതിര്‍ത്തത് എന്നായിരുന്നു ഇസ്രയേലിന്റെ അന്നത്തെ വിശദീകരണം.