‘മിഡില്‍ ഈസ്റ്റില്‍ മറ്റൊരു യുദ്ധം കൂടിയുണ്ടായാല്‍ നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടമാകും. ട്രില്ല്യണ്‍ കണക്കിന് ഡോളറുകള്‍ പാഴാകും. യുദ്ധം മരണത്തിനും സംഘര്‍ഷങ്ങള്‍ക്കും പലായനത്തിനുമെല്ലാം കാരണമാകും’- ബേണി സാന്‍ഡേഴ്‌സ് പറഞ്ഞു.
വാഷിംഗ്ടണ്‍: ഇറാനെ ആക്രമിക്കുന്നതില്‍ നിന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ തടയുന്നതിനായി ബില്‍ അവതരിപ്പിച്ച് യുഎസ് സെനറ്റര്‍ ബേണി സാന്‍ഡേഴ്‌സ്. യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരമില്ലാതെ ഇറാനെതിരെ സൈനിക നീക്കം നടത്തുന്നതിന് ഫെഡറല്‍ ഫണ്ടുകള്‍ ഉപയോഗിക്കുന്നത് തടയുന്നതാണ് ബില്‍. ‘നെതന്യാഹുവിന്റെ വീണ്ടുവിചാരമില്ലാത്തതും നിയമവിരുദ്ധവുമായ ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. ഇതൊരു മേഖലയില്‍ മുഴുവന്‍ യുദ്ധമുണ്ടാകാന്‍ കാരണമായേക്കാം. നെതന്യാഹുവിന്റെ താല്‍പ്പര്യത്തിന് അനുസരിച്ച് അമേരിക്ക ഈ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നില്ലെന്ന് യുഎസ് കോണ്‍ഗ്രസ് ഉറപ്പുവരുത്തണം’- സെനറ്റര്‍ ബേണി സാന്‍ഡേഴ്‌സ് പറഞ്ഞു.
യുദ്ധത്തിനും സമാധാനത്തിനുമുളള അധികാരം ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുളള യുഎസ് കോണ്‍ഗ്രസിനാണ് നമ്മുടെ രാഷ്ട്രപിതാക്കന്മാര്‍ നല്‍കിയിട്ടുളളത്. കോണ്‍ഗ്രസിന്റെ വ്യക്തമായ അനുമതിയില്ലാതെ മറ്റൊരു ചെലവേറിയ യുദ്ധം ആരംഭിക്കാന്‍ പ്രസിഡന്റിന് അധികാരമില്ലെന്ന് നാം അറിയിക്കേണ്ടത് അത്യാവശ്യമാണ്. മിഡില്‍ ഈസ്റ്റില്‍ മറ്റൊരു യുദ്ധം കൂടിയുണ്ടായാല്‍ നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടമാകും. ട്രില്ല്യണ്‍ കണക്കിന് ഡോളറുകള്‍ പാഴാകും. യുദ്ധം മരണത്തിനും സംഘര്‍ഷങ്ങള്‍ക്കും പലായനത്തിനുമെല്ലാം കാരണമാകും’- ബേണി സാന്‍ഡേഴ്‌സ് പറഞ്ഞു.
മസാച്യുസെറ്റ്‌സ് സെനറ്റര്‍ എലിസബത്ത് വാറന്‍ ഉള്‍പ്പെടെ നിരവധി ഡെമോക്രാറ്റുകളുടെ പിന്തുണയുണ്ടെങ്കിലും ഈ ബില്‍ നിയമമാകാന്‍ സാധ്യതയില്ല. യുഎസ് പ്രതിനിധി സഭയിലും സെനറ്റിലും ഭരണകക്ഷിയായ റിപ്പബ്ലിക്കന്‍മാര്‍ക്കാണ് ഭൂരിപക്ഷം. ബില്‍ തന്റെ മുന്നിലെത്തിയാല്‍ വീറ്റോ ചെയ്യാനുളള അധികാരവും ട്രംപിനുണ്ട്.
എല്ലാവരും തെഹ്‌റാനിൽ നിന്ന് ഒഴിയണമെന്ന് കഴിഞ്ഞ ദിവസം ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാനോട് ഡീൽ ഒപ്പിടാൻ പറഞ്ഞപ്പോൾ അത് ചെയ്യണമായിരുന്നു. മനുഷ്യജീവിതം ഇല്ലാതാക്കുന്നത് എന്തൊരു ലജ്ജാകരമാണ്. എല്ലാവരും ഉടൻ തെഹ്‌റാനിൽ നിന്ന് ഒഴിഞ്ഞു പോകണമെന്നായിരുന്നു ട്രംപിന്റെ സോഷ്യൽ ട്രൂത്ത് വഴിയുള്ള പ്രതികരണം. അമേരിക്ക എക്കാലത്തും ഇസ്രയേലിനെ പിന്തുണച്ചിട്ടുണ്ട്. ഇറാന്‍ ഈ യുദ്ധത്തില്‍ ജയിക്കാന്‍ പോകുന്നില്ല. അവര്‍ ഇപ്പോള്‍ ചര്‍ച്ച ആഗ്രഹിക്കുന്നുണ്ട്. പക്ഷെ അവര്‍ അത് മുന്‍പേ ചെയ്യണമായിരുന്നു. 60 ദിവസത്തിലധികം ലഭിച്ചില്ലേ. യുദ്ധം അവസാനിപ്പിക്കണമെങ്കില്‍ ഒരുപാട് വൈകുന്നതിന് മുമ്പ് ഇറാന്‍ ചര്‍ച്ച നടത്തണം എന്നും ട്രംപ് പറഞ്ഞിരുന്നു.
