പ്രിയങ്കാ ഗാന്ധി വന്നതോടെ ആത്മവിശ്വാസം കൂടിയെന്നും സണ്ണി ജോസഫ് പറഞ്ഞു.

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തികഞ്ഞ വിജയപ്രതീക്ഷയുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. പതിനായിരത്തിനു മുകളില്‍ ഭൂരിപക്ഷമുണ്ടാകുമെന്നും യുഡിഎഫില്‍ ഒരു ആശങ്കയുമില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രിയങ്കാ ഗാന്ധി വന്നതോടെ ആത്മവിശ്വാസം കൂടിയെന്നും നിലമ്പൂരില്‍ പാലക്കാട് ആവര്‍ത്തിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. രാജിവെച്ചപ്പോള്‍ പി വി അന്‍വര്‍ പറഞ്ഞത് ഇനി മത്സരിക്കുന്നില്ല എന്നാണെന്നും അദ്ദേഹം ഈ തെരഞ്ഞെടുപ്പില്‍ ഒരു ഫാക്ടറേ അല്ലെന്നും കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കുമെന്ന് സ്ഥാനാർത്ഥി ആര്യാടന്‍ ഷൗക്കത്തും ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. യുഡിഎഫ് ജയിക്കുമെന്ന് എല്‍ഡിഎഫുകാര്‍ക്കുപോലും അറിയാമെന്നാണ് ഷൗക്കത്ത് പറഞ്ഞത്. തോല്‍വി അറിഞ്ഞ മുന്നണിയായി എല്‍ഡിഎഫ് മാറിയെന്നും അതുകൊണ്ടാണ് മുഖ്യമന്ത്രി നിലമ്പൂരില്‍ ക്യാംപ് ചെയ്ത് പ്രചാരണം നടത്തുന്നതെന്നും ആര്യാടന്‍ ഷൗക്കത്ത് പരിഹസിച്ചു. നിലമ്പൂരില്‍ യുഡിഎഫിന് ചരിത്ര വിജയമുണ്ടാകുമെന്നും ഷൗക്കത്ത് പറഞ്ഞിരുന്നു.

അതേസമയം, നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ അവസാന ഘട്ട പ്രചാരണമാണ് നടക്കുന്നത്. നാളെ കൊട്ടിക്കലാശം നടക്കും. ബുധനാഴ്ച നിശബ്ദ പ്രചാരണം. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്. ഈ മാസം 23നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരിക. നിലമ്പൂര്‍ എംഎൽഎയായിരുന്ന പി വി അന്‍വർ രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആര്യാടൻ ഷൗക്കത്ത് ആണ് യുഡിഎഫ് സ്ഥാനാർത്ഥി. എം സ്വരാജ് എൽഡിഎഫ് സ്ഥാനാർത്ഥിയാണ്. ബിജെപിയ്ക്കുവേണ്ടി മത്സരിക്കുന്നത് അഡ്വ. മോഹന്‍ ജോർജ്ജാണ്. അന്‍വർ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നുണ്ട്.