വാഷിങ്ടണ്‍: ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ആവശ്യപ്പെട്ടതായി വെളിപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന് ജന്മദിനാശംസകള്‍ നേരാനായി വിളിച്ച കോളിലാണ് പുടിന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
പ്രസിഡന്റ് പുടിന്‍ എനിക്ക് വളരെ മനോഹരമായി ജന്മദിനാശംസകള്‍ നേരാനാണ് വിളിച്ചത്. എന്നാല്‍ അതിലും പ്രധാനമായി അദ്ദേഹത്തിന് വളരെ അടുപ്പമുള്ള ഇറാനെ കുറിച്ച് സംസാരിക്കാനുമായിരുന്നു ആ കോള്‍. ഈ വിഷയത്തെ കുറിച്ച് തങ്ങള്‍ ദീര്‍ഘനേരം സംസാരിച്ചുവെന്ന് ഡൊണാള്‍ഡ് ട്രംപ് ട്രൂത്തില്‍ കുറിച്ചു.
റഷ്യ-യുക്രൈയ്ന്‍ വിഷയത്തെ കുറിച്ച് സംസാരിക്കാന്‍ തങ്ങള്‍ വളരെ കുറച്ച് സമയമേ ചെലവഴിച്ചുള്ളു. അത് മറ്റൊരു സമയത്തേക്ക് മാറ്റിവെച്ചതാകാം. അദ്ദേഹം തടവുകാരെ കൈമാറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇരുഭാഗത്ത് നിന്നും ധാരാളം തടവുകാരെ പരസ്പരം കൈമാറ്റം ചെയ്യുന്നു.
കോള്‍ ഏകദേശം ഒരു മണിക്കൂറോളം നീണ്ടു. തന്നെ പോലെ തന്നെ ഇസ്രായേല്‍-ഇറാന്‍ യുദ്ധം അവസാനിക്കണമെന്ന് അദ്ദേഹത്തിനും ആഗ്രഹമുണ്ട്. അദ്ദേഹത്തിന്റെ യുദ്ധവും അവസാനിക്കണമെന്ന് താന്‍ വിശദീകരിച്ചുവെന്നും ട്രംപ് ട്രൂത്തില്‍ എഴുതി.
ഇസ്രായേല്‍-ഇറാന്‍ യുദ്ധത്തിന് പരിസമാപ്തി കുറിക്കാന്‍ മധ്യസ്ഥനാകാന്‍ ഒരുക്കമാണെന്നും പുടിന്‍ ട്രംപിനെ അറിയിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം പ്രവചനാതീതമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും പുടിന്‍ ട്രംപിന് നല്‍കിയിട്ടുണ്ട്.
ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷത്തിന് നയതന്ത്രത്തിലൂടെയും നേരിട്ടുള്ള സംസാരത്തിലൂടെയുമെല്ലാം പരിഹാരം കണ്ടെത്തണണെന്ന് യുകെ പ്രധാനമന്ത്രി സര്‍ കെയര്‍ സ്റ്റാര്‍മറും ഡൊണാള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം തങ്ങള്‍ സമ്മതിച്ചതായാണ് ട്രംപ് വിശദമാക്കുന്നത്.
അതേസമയം, ഇസ്രായേലിന്റെ ആക്രമണങ്ങള്‍ക്ക് തക്കതായ തിരിച്ചടി നല്‍കാന്‍ തങ്ങള്‍ തയാറാണെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇറാനിലെ ഷഹ്റാന്‍ എണ്ണ സംഭരണ കേന്ദ്രം, ബുഷെഹറിനടുത്തുള്ള ഒരു വാതക പാടം, അബാദാനിലെ എണ്ണ ശുദ്ധീകരണശാല എന്നിവയും കഴിഞ്ഞ ദിവസം ഇസ്രായേല്‍ ആക്രമിച്ചിരുന്നു.
