അഹമ്മദാബാദ് ദുരന്തത്തെക്കുറിച്ചുളള അന്വേഷണത്തോട് സഹകരിക്കുമെന്നും എയര്‍ ഇന്ത്യ ബോര്‍ഡ് അറിയിച്ചു
ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ നടന്ന വിമാനാപടകത്തിനു പിന്നാലെ വിമാനങ്ങളുടെ പ്രവര്‍ത്തനശേഷി പരിശോധിക്കാനൊരുങ്ങി എയര്‍ ഇന്ത്യ. വിമാനങ്ങളുടെ പ്രവര്‍ത്തനശേഷി പരിശോധിക്കാനായി ആഭ്യന്തര ഓഡിറ്റ് നടത്തും. വിമാനങ്ങളുടെ മെയിന്റനന്‍സ് ഉറപ്പുവരുത്തും. ജീവനക്കാരുടെ പ്രവര്‍ത്തനവും വിലയിരുത്തും. എയര്‍ ഇന്ത്യ ബോര്‍ഡ് മീറ്റിംഗിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തെ കുറിച്ച് ചെയര്‍മാനും സിഇഒയും ബോര്‍ഡ് യോഗത്തില്‍ വിശദീകരിച്ചു.
അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കാനും ബോര്‍ഡ് യോഗത്തില്‍ തീരുമാനമുണ്ടായി. വിമാനം തകര്‍ന്നുവീണ് അപകടമുണ്ടായ സംഭവത്തിന്റെ കാരണം കണ്ടെത്താന്‍ ടാറ്റ ഗ്രൂപ്പ് സമാന്തരമായി അന്വേഷണം നടത്തും. അഹമ്മദാബാദ് ദുരന്തത്തെക്കുറിച്ചുളള അന്വേഷണത്തോട് സഹകരിക്കുമെന്നും എയര്‍ ഇന്ത്യ ബോര്‍ഡ് അറിയിച്ചു.
അതേസമയം, എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ട സംഭവം അന്വേഷിക്കാന്‍ കേന്ദ്രസർക്കാർ ഉന്നത തല സമിതി രൂപീകരിച്ചിരുന്നു. സിവില്‍ ഏവിയേഷന്‍ മന്ത്രാലയമാണ് ഇതുസംബന്ധിച്ച വിവരം അറിയിച്ചു. അപകടത്തിന്റെ കാരണം സമിതി പരിശോധിക്കും. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ എന്താണ് ചെയ്യേണ്ടത് എന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമിതി നല്‍കും. നിലവിലുളള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളും (എസ്ഒപി) സുരക്ഷാമാര്‍ഗനിര്‍ദേശങ്ങളും വിലയിരുത്തുകയും ചെയ്യും.
