തിരുവനന്തപുരം: അറബിക്കടലിൽ തീപിടിത്തമുണ്ടായ സിങ്കപ്പൂർ വാൻ ഹായ് 503 കപ്പലിനെ നിയന്ത്രണവിധേയമാക്കിയതായി നാവികസേന. ടൗ ലൈൻ കെട്ടിയാണ് കപ്പലിനെ ഇന്നലെ നിയന്ത്രണത്തിലാക്കിയതെന്നാണ് വിവരം. ഇന്ത്യൻ നാവികസേനയും ഇന്ത്യൻ കോസ്റ്റ് ഗാർഡും ചേർന്ന് ദിവസങ്ങളായി നടത്തിവന്ന പരിശ്രമമാണ് വിജയത്തിൽ എത്തിയിരിക്കുന്നത്. നിയന്ത്രണത്തിലാക്കിയ കപ്പലിനെ കൂടുതൽ ഉൾക്കടലിലേക്ക് നീക്കും.

നേരത്തെ കോസ്റ്റ്ഗാർഡ് കെട്ടിയ ടൗലൈൻ കടൽ പ്രക്ഷുബ്ദയമായതോടെ പൊട്ടിപോയത് വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ ഇന്നലെ വൈകിട്ട് ആറ് മണിയോടെ വീണ്ടും ടൗ ലൈൻ ബന്ധിപ്പിച്ചാണ് കപ്പലിനെ നിയന്ത്രിച്ചത്. ഇന്ത്യൻ നാവികസേനയുടെ ഹെലികോപ്റ്റർ ഉപയോ​ഗിച്ചാണ് വാൻ ഹൈ 503ലേക്ക് സാൽവേജ് ക്രൂവിനെ ഇറക്കിയത്. കപ്പലിൽ നിന്ന് ഇപ്പോഴും പുക ഉയർന്നുകൊണ്ടിരിക്കുകയാണ്. കൊച്ചി – തൃശ്ശൂർ തീരത്തിന് 40 നോട്ടിക്കൽ മൈൽ അടുത്തേക്ക് വരെ കപ്പൽ എത്തിയിരുന്നു. എന്നാൽ ഇത് നിയന്ത്രണത്തിലാക്കിയതോടെ കേരള തീരത്തിന് വലിയ ആശങ്കയാണ് ഒഴിവായത്.

തീപിടിത്തമുണ്ടായ ‘വാൻഹായ് 503’ കപ്പലിലെ കണ്ടെയ്‌നറുകൾ കേരള തീരത്തടിയാൻ സാധ്യത കുറവാണെന്ന് നേരത്തെ കേന്ദ്ര അധികൃതർ വിലയിരുത്തിയിരുന്നു. എന്നാൽ സാധ്യത തീർത്തും തള്ളിക്കളയാനാകില്ലെന്നും, തമിഴ്‌നാട്, ശ്രീലങ്ക തീരങ്ങളിലാണ് കണ്ടെയ്‌നറുകൾ കൂടുതലായും അടിയാൻ സാധ്യതയെന്നും അവർ പറഞ്ഞിരുന്നു.

1754 കണ്ടെയ്‌നറുകളുമായി പോയ കപ്പലിലാണ് തീപിടത്തമുണ്ടായത്. ഈ കണ്ടെയ്‌നറുകളിൽ 671 എണ്ണം ഡെക്കിലാണ്. ഇതിൽ 157 ഇനങ്ങളാണ് കൂടുതൽ അപകടകരമായി കണക്കാക്കുന്നത്. പെട്ടെന്ന് തീ പിടിക്കാവുന്ന വസ്തുക്കളടക്കം കപ്പലിലുണ്ടായിരുന്നു. നൈട്രോസെല്ലുലോസ് അടക്കമുള്ളവയാണ് കപ്പലിലുണ്ടായിരുന്നത്. നാഫ്ത്തലിൻ, കളനാശിനികൾ, ആസിഡുകൾ, ആൽക്കഹോൾ മിശ്രിതങ്ങൾ തുടങ്ങിയവയും കപ്പലിലുണ്ടെന്ന് കണ്ടെത്തിയിരുന്നു.