ദക്ഷിണ കാശി എന്നറിയപ്പെടുന്ന കൊട്ടിയൂര്‍ ക്ഷേത്രോത്സവത്തിന് തുടക്കമായി. 30 ലക്ഷത്തോളം തീര്‍ഥാടകര്‍ എത്തുന്ന കൊട്ടിയൂര്‍ മഹോത്സവത്തില്‍ കുടുംബശ്രീ വിപണന മേളയും ട്രെന്‍ഡിങ്ങാകുന്നു.

ദക്ഷിണ കാശിയെന്ന കൊട്ടിയൂര്‍ മഹാദേവക്ഷേത്ര വൈശാഖ മഹോത്സവത്തില്‍ ട്രെന്‍ഡിങ്ങായി കുടുംബശ്രീ ഉത്പന്ന വിപണന മേള. ജൂണ്‍ പത്തിന് തുടങ്ങിയ വിപണന മേളയില്‍ കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തില്‍ ഇരിട്ടി ബ്ലോക്കില്‍ നിന്നുമുള്ള പന്ത്രണ്ട് സംരംഭക യൂണിറ്റുകള്‍ ആണ് പ്രവര്‍ത്തിക്കുന്നത്. ഇത്തവണ ഭക്ഷ്യ ഉത്പന്ന മേളയോടൊപ്പം പരമ്പരാഗത ശൈലിയിലുള്ള കരകൗശല വസ്തുക്കളും പുത്തന്‍ മോഡലുകളിലുള്ള തുണിത്തരങ്ങളും എത്തിയതാണ് വിപണിയെ ഉത്സവത്തോടൊപ്പം ട്രെന്‍ഡിങ്ങില്‍ ആക്കിയത്. ഇതിനോടകം തന്നെ ഭക്ഷ്യ മേളയുടെ നിരവധി റീലുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചാരം നേടിയിട്ടുണ്ട്.

കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് റോയ് നമ്പുടകം ഉത്ഘാടനം ചെയ്ത വിപണന മേളയില്‍ കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എം വി ജയന്‍ മുഖ്യ അതിഥിയായി പങ്കെടുത്തു. കേളകം ബേറി ഫാം ഉത്പന്നങ്ങള്‍, ആറളം ആദി കുടകള്‍, എന്നിവയ്ക്കാണ് മേളയില്‍ കൂടുതല്‍ ഡിമാന്‍ഡ്. വൈശാഖ മഹോത്സവത്തില്‍ ജൂണ്‍ 30 വരെ വിപണന മേള തുടരും.