കൊച്ചി : ആലപ്പുഴ തോട്ടപ്പിള്ളി സ്പിൽവേയിൽ നിന്ന് 14.6 നോട്ടിക്കൽ മൈൽ അകലെ മുങ്ങിക്കിടക്കുന്ന എംഎസ്‍സി എൽസ 3യിലെ ഇന്ധന ചോർച്ച അടയ്ക്കുന്നത് പൂർത്തിയായി. അതേ സമയം, കപ്പൽ മുങ്ങുന്നതിന് കാരണമായ വിവരം ലഭിക്കുന്നതിന് സഹായകമായ വോയേജ് ഡാറ്റ റിക്കോർഡർ (വിഡിആർ) വീണ്ടെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഹെവി ഫ്യൂവൽ ഓയിൽ ടാങ്ക് 22ന്റെ സൗണ്ടിങ് പൈപ്പിലുണ്ടായ ചോർച്ച അടയ്ക്കാൻ കഴിഞ്ഞതോടെ ഇന്ധന ചോർച്ച പൂർണമായി അടച്ചു എന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. മേയ് 25ന് കപ്പൽ മുങ്ങിയതിനു ശേഷമുള്ള തുടർ പ്രവർത്തനങ്ങളിൽ കപ്പൽ കമ്പനിക്കും അവർ നിയോഗിച്ച ടി ആൻഡ് ടി സാൽവേജ് കമ്പനിക്കും ഗുരുതര വീഴ്ചകൾ സംഭവിച്ചുവെന്നും പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കിയില്ലെങ്കിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ഷിപ്പിങ് ഡയറക്ടർ ജനറൽ ശ്യാം ജഗന്നാഥൻ കഴിഞ്ഞ ദിവസം ഇരു കമ്പനികൾക്കും മുന്നറിയിപ്പു നൽകിയിരുന്നു.