ലണ്ടന്‍: അഹമ്മദാബാദ് വിമാനദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അർപ്പിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ബെക്കന്‍ഹാമില്‍ വെള്ളിയാഴ്ച നിശ്ചയിച്ച ഇന്‍ട്രാ-സ്‌ക്വാഡ് മത്സരത്തിനു മുമ്പാണ് ടീം, അപകടത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അർപ്പിച്ചത്. മത്സരത്തിനു മുമ്പ് ടീം അംഗങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും ഒരു മിനിറ്റ് മൗനമാചരിച്ചു. കറുത്ത ആം ബാന്‍ഡ് ധരിച്ചാണ് ഇന്ത്യന്‍ താരങ്ങള്‍ കളത്തിലിറങ്ങിയത്. ഇന്ത്യന്‍ ടീം അംഗങ്ങളും ഇന്ത്യ എ ടീം അംഗങ്ങളുമാണ് ഇന്‍ട്രാ-സ്‌ക്വാഡ് മത്സരത്തില്‍ ഏറ്റുമുട്ടുക.

നേരത്തേ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ മൂന്നാം ദിവസത്തെ മത്സരത്തിനു മുമ്പ് ഓസ്ട്രേലിയ – ദക്ഷിണാഫ്രിക്ക താരങ്ങളും അപകടത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അർപ്പിച്ച് ഒരു മിനിറ്റ് മൗനമാചരിച്ചിരുന്നു. കറുത്ത ആം ബാന്‍ഡ് ധരിച്ചാണ് ടെസ്റ്റിന്റെ മൂന്നാം ദിനം താരങ്ങള്‍ കളത്തിലിറങ്ങിയത്. അമ്പയര്‍മാരും കറുത്ത ആം ബാന്‍ഡ് ധരിച്ചിരുന്നു.

ജൂലായ് 12-ാം തീയതിയാണ് ഇന്ത്യയെ ഞെട്ടിച്ച വിമാന ദുരന്തമുണ്ടായത്. ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ 171 ബോയിങ് ഡ്രീംലൈനര്‍ 787-8 വിമാനം ജനവാസകേന്ദ്രത്തില്‍ തകര്‍ന്നുവീണ് വിമാനത്തിലുണ്ടായിരുന്ന ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയടക്കം 241 പേര്‍ മരിച്ചു. വിമാനം തകര്‍ന്നുവീണ മെഡിക്കല്‍ കോളേജ് മെസ്സിലുണ്ടായിരുന്ന ഏഴുപേര്‍ക്കും ജീവന്‍ നഷ്ടമായി. രാജ്യത്തുണ്ടായ രണ്ടാമത്തെ വലിയ വിമാനാപകടമാണിത്.