പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ശശി തരൂര്‍ എംപി . ഇന്നലെ പ്രധാനമന്ത്രിയുടെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. തരൂരിനെ പ്രധാനമന്ത്രി വിളിപ്പിക്കുകയായിരുന്നു. വിദേശപര്യടനം സംബന്ധിച്ച റിപ്പോർട്ട് ശശി തരൂർ നേരത്തെ പ്രധാനമന്ത്രിക്ക് നൽകിയിരുന്നു. അമേരിക്കയിൽ നടത്തിയ കൂടിക്കാഴ്ചകളുടെ വിശദാംശങ്ങൾ തരൂർ മോദിയെ അറിയിച്ചതായാണ് വിവരം. തരൂർ നൽകിയ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് കൂടിക്കാഴ്ച നടന്നത്.

വിദേശരാജ്യങ്ങളുമായുള്ള ആശയവിനിമയവുമായി ബന്ധപ്പെട്ട് പ്രത്യേക പദവി ശശി തരൂരിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയേക്കുമെന്നും സൂചനയുണ്ട്. വിദേശപര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ തരൂരുമായി കൂടിക്കാഴ്ച നടത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ലെന്ന റിപ്പോർട്ടുകൾക്കിടെയാണ് മോദിയുമായുള്ള കൂടിക്കാഴ്ച.

അമേരിക്ക അടക്കം അഞ്ചു രാജ്യങ്ങളിലേക്ക് പോയ സര്‍വകക്ഷി സംഘത്തെ ശശി തരൂരാണ് നയിച്ചിരുന്നത്. തരൂര്‍ സംഘം കൂടി എത്തിയശേഷം വിദേശരാജ്യങ്ങളിലേക്ക് പോയ സര്‍വകക്ഷി സംഘങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വിരുന്ന് നല്‍കിയിരുന്നു. ഈ വിരുന്നിനിടെ ശശി തരൂര്‍ ഒരു റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് കൈമാറിയിരുന്നു.

വിദേശ സന്ദര്‍ശനത്തിനിടെയുണ്ടായ സ്ഥിതിഗതികള്‍ അടക്കം ഉള്‍പ്പെടുത്തിയാണ് തരൂര്‍ റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാന്‍ വേണ്ടിയാണ് തരൂരിനെ പ്രധാനമന്ത്രി വിളിപ്പിച്ചതെന്നാണ് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. പ്രത്യേക പദവി നല്‍കുന്നത് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായില്ലെന്നാണ് സൂചന.