മുമ്പോട്ട് നല്ലത് നടക്കും എന്ന് പ്രതീക്ഷിക്കുന്നതായും പൊലീസ് ആവശ്യപ്പെട്ട തെളിവുകളെല്ലാം നൽകിയെന്നും ദിയ പറഞ്ഞു

തിരുവനന്തപുരം: തന്റെ സ്ഥാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക തിരിമറി കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ആദ്യമേ ആവശ്യപ്പെട്ടിരുന്നുവെന്ന് ദിയ കൃഷ്ണ. മുമ്പോട്ട് നല്ലത് നടക്കും എന്ന് പ്രതീക്ഷിക്കുന്നതായും പൊലീസ് ആവശ്യപ്പെട്ട തെളിവുകളെല്ലാം നൽകിയെന്നും ദിയ പറഞ്ഞു. മറുഭാഗത്തുള്ളവർ എന്ത് തെളിവു കൊണ്ടുവരുമെന്ന് കാണാം. അച്ഛനും ഞാനും ആദ്യം മുതൽ പറഞ്ഞതാണ് ഇപ്പോൾ തെളിയുന്നത്. നാളെ അച്ഛനും അമ്മയ്ക്കും എതിരെവരെ ആരോപണങ്ങൾ വന്നേക്കാം. എന്താണെങ്കിലും തെളിവ് കൊണ്ടുവരട്ടെയെന്നും ദിയ കൂട്ടിച്ചേർത്തു. അതേസമയം, കേസിൽ മ്യൂസിയം പൊലീസ് ദിയയുടെ മൊഴിയെടുത്തു. കവടിയാറിലെ ഫ്ലാറ്റിലെത്തിയാണ് മൊഴിയെടുത്തത്.

കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നതിന് മുന്നോടിയായിരുന്നു മൊഴിയെടുപ്പ്. ഒരുമണിക്കൂറോളം നീണ്ട മൊഴിയെടുപ്പ് പൂർത്തിയാക്കി പൊലീസ് സംഘം മടങ്ങി. മൊഴിയെടുക്കുന്നതിനായി സ്റ്റേഷനിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം മ്യൂസിയം പൊലീസ് ദിയ കൃഷ്ണ നടത്തുന്ന സ്ഥാപനമായ ‘ഒ ബൈ ഒസി’യിലെ മൂന്ന് ജീവനക്കാർക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും അവർ ഹാജരായിരുന്നില്ല. വിനീത, ദിവ്യ, രാധാകുമാരി എന്നിവർ ഒളിവിലാണെന്നാണ് വിവരം.

തിങ്കളാഴ്ച വീട്ടിൽ എത്തിയ പൊലീസിന് ജീവനക്കാരികളെ കാണാൻ കഴിഞ്ഞില്ല. ഇവർ വീട്ടിൽ ഇല്ലെന്നാണ് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞത്. ബാങ്ക് സ്റ്റേറ്റ്‌മെന്റ് വിവരങ്ങൾ ജീവനക്കാരിൽ നിന്ന് അടിയന്തരമായി പൊലീസിന് അറിയേണ്ടതുണ്ട്. ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്ന് ജീവനക്കാരികൾ പണം മാറ്റിയതായാണ് പൊലീസിന്റെ നിഗമനം. ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റിൽ നിന്നാണ് പൊലീസ് ഈ നിഗമനത്തിൽ എത്തിയത്. ഡിജിറ്റൽ തെളിവുകളും ജീവനക്കാർക്ക് എതിരെയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ദിയ കൃഷ്ണയ്‌ക്കെതിരെ ജീവനക്കാരികൾ നൽകിയത് കൗണ്ടർ പരാതി മാത്രമാണെന്നാണ് പൊലീസ് കരുതുന്നത്.