ദോഹ/ കൊച്ചി/തൃശൂർ/പാലക്കാട് : കെനിയയിൽ വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞു മരിച്ച 5 മലയാളികളിൽ മൂവാറ സ്വദേശിനി ജസ്ന (29)യുടെയും മകൾ ഒന്നരവയസ്സുകാരി റൂഹി മെഹ്റിന്റെയും മൃതദേഹങ്ങൾ ഇന്നു വൈകിട്ടു പേഴയ്ക്കാപ്പള്ളിയിലെ വീട്ടിൽ എത്തിക്കും. ജസ്നയുടെ ഭർത്താവ് മുഹമ്മദ് ഹനീഫും ഒപ്പമുണ്ടാകും. ഹനീഫിന്റെ പരുക്ക് ഗുരുതരമല്ല. അസിസ്റ്റന്റ് ഹൈക്കമ്മിഷണർ ഉൾപ്പെടെയുള്ളവർ എത്തിയാണ് നടപടി പൂർത്തിയാക്കിയതെന്ന് ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു. ഖത്തറിലെ ട്രാവൽ ഏജൻസി വഴി വിനോദയാത്ര പോയ 28 അംഗ സംഘമാണു വടക്കുകിഴക്കൻ കെനിയയിൽ അപകടത്തിൽ പെട്ടത്.
ന്യഹറൂരുവിലെ ആശുപത്രിയിലായിരുന്ന 23 പേരെയും മികച്ച ചികിത്സയ്ക്കായി നയ്റോബിയിലേക്കു മാറ്റിയതായി കെനിയ കേരള അസോസിയേഷൻ പ്രതിനിധി സനിൽ ജോസഫ് പറഞ്ഞു.
