തീപിടിത്തമുണ്ടായ ‘വാന്‍ഹായ് 503’ കപ്പലിലെ കണ്ടെയ്‌നറുകള്‍ കേരള തീരത്തടിയാന്‍ സാധ്യത കുറവെന്ന് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ സാധ്യത തീര്‍ത്തും തള്ളിക്കളയുന്നുമില്ല. തമിഴ്‌നാട്, ശ്രീലങ്ക തീരങ്ങളിലാണ് കണ്ടെയ്‌നറുകള്‍ കൂടുതലായും അടിയാന്‍ സാധ്യത. കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍, ദുരന്തനിവാരണ അതോറിറ്റി പ്രതിനിധികള്‍ എന്നിവരുമായി കേന്ദ്ര ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍ ശ്യാം ജഗന്നാഥ്, സ്‌പെഷ്യല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയതെന്നും കപ്പലിലുണ്ടായിരുന്ന അപകടകരമായ രാസവസ്തുക്കള്‍ കടലില്‍ കലരുമ്പോഴുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് നിലവില്‍ വിലയിരുത്തിയിട്ടില്ലെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ഈ ചര്‍ച്ചയിലെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. കണ്ടെയ്‌നറുകള്‍ ബുധനാഴ്ചയോടെ തീരത്തോടടുക്കുമെന്നാണ് വിലയിരുത്തല്‍. കപ്പലിലുണ്ടായിരുന്ന വസ്തുക്കളുടെ പട്ടിക നേരത്തെ പുറത്തുവിട്ടിരുന്നു.
1754 കണ്ടെയ്‌നറുകളാണ് കപ്പലിലുണ്ടായിരുന്നത്. ഈ കണ്ടെയ്‌നറുകളില്‍ 671 എണ്ണം ഡെക്കിലാണ്. ഇതില്‍ 157 ഇനങ്ങളാണ് കൂടുതല്‍ അപകടകരമായി കണക്കാക്കുന്നത്. പെട്ടെന്ന് തീ പിടിക്കാവുന്ന വസ്തുക്കളടക്കം കപ്പലിലുണ്ടായിരുന്നു.
നൈട്രോസെല്ലുലോസ് അടക്കമുള്ളവയാണ് കപ്പലിലുണ്ടായിരുന്നത്. നാഫ്ത്തലിന്‍, കളനാശിനികള്‍, ആസിഡുകള്‍, ആല്‍ക്കഹോള്‍ മിശ്രിതങ്ങള്‍ തുടങ്ങിയവയും കപ്പലിലുണ്ടായിരുന്നു. കൊച്ചി, കോഴിക്കോട് തീരങ്ങളില്‍ കണ്ടെയ്‌നറുകള്‍ അടിഞ്ഞേക്കുമായിരുന്നു നേരത്തെയുള്ള വിലയിരുത്തലുകള്‍. എന്നാല്‍ തെക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്ന പശ്ചാത്തലത്തില്‍ ഇത് കണ്ടെയ്‌നറിന്റെ ഗതിയെ ബാധിച്ചേക്കാം.
അതേസമയം, കപ്പലിലുണ്ടായിരുന്ന ജീവനക്കാരില്‍ രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു. ഇവര്‍ക്ക് 40 ശതമാനത്തോളമാണ് പൊള്ളലേറ്റത്. ചൈന, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. ഐസിയുവില്‍ ചികിത്സയിലാണ്.
