പൊലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലില്‍ വെടിവെച്ച് വീഴ്ത്തിയാണ് പ്രതിയെ പൊലീസ് കീഴ്‌പ്പെടുത്തിയത്

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി ദയാല്‍പുരില്‍ ഒന്‍പതുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍. പ്രതി നൗഷാദാണ് അറസ്റ്റിലായത്. ഡല്‍ഹി പൊലീസിന്റെ പ്രത്യേക സംഘമാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. പൊലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലില്‍ വെടിവെച്ചാണ് പ്രതിയെ പൊലീസ് കീഴ്‌പ്പെടുത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നീക്കത്തിന് ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ജൂണ്‍ ഏഴിനാണ് കേസിന് ആസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രതി അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. ദയാല്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ അടക്കം ഗുരുതരമായ പരിക്കുകള്‍ കണ്ടെത്തിയിരുന്നു. ശനിയാഴ്ച രാത്രിയിലാണ് പൊലീസ് സ്റ്റേഷനിലേക്ക് ഒരു പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയെന്ന് അറിയിച്ച് ഫോണ്‍ കോള്‍ വരുന്നത്.

പിന്നാലെ സംഭവ സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷപ്പെടുത്താനായില്ല. കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നും ഇതിന് പിന്നാലെയാണ് കൊലപാതകം നടന്നതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. അതേ സമയം പ്രതിക്ക് എതിരെ കര്‍ശന നടപടി വേണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്.