കൊച്ചി: ക്ഷേത്ര പരിസരത്ത് രാഷ്ട്രീയ പ്രചാരണം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ക്ഷേത്ര പരിസരങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന നിയമം എല്ലാ ക്ഷേത്രങ്ങളിലും കർശനമായി നടപ്പാക്കാൻ നിർദേശം നൽകണം എന്നാണ് ഹർജിയിലെ ആവശ്യം. ഹർജിയിൽ ഹൈക്കോടതി സർക്കാരിനും ദേവസ്വം ബോർഡുകൾക്കും നോട്ടീസ് അയയ്ക്കാൻ നിർദ്ദേശിച്ചു. എറണാകുളം മരട് സ്വദേശി എൻ പ്രകാശ് നൽകിയ ഹർജിയിൽ ആണ് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് എസ് മുരളീ കൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ച് നിർദേശം നൽകിയത്. ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിൽ വരാത്ത ക്ഷേത്രങ്ങളിലും നിയമം ബാധകമാക്കണം എന്ന് ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

ആറ്റിങ്ങൽ ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് കഴിഞ്ഞ ഏപ്രിലിൽ ക്ഷേത്രത്തിൽ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം നടത്തിയതും, കൊല്ലം കടയ്ക്കൽ ദേവീക്ഷേത്രത്തിൽ ഗായകൻ അലോഷി വിപ്ലവഗാനങ്ങൾ പാടിയതും ഹർജിയിൽ സൂചിപ്പിക്കുന്നുണ്ട്. ഇത്കൂടാതെ കോഴിക്കോട് തളിക്ഷേത്രത്തിലെ മണ്ഡപത്തിൽ ഏപ്രിൽ 27ന് നടന്ന വിവാഹത്തിൽ എസ്എഫ്ഐയ്ക്ക് മുദ്രാവാക്യം വിളിച്ച സംഭവവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.

ഇതേത്തുടർന്ന് കൊല്ലം കടയ്ക്കൽ ക്ഷേത്രത്തിൽ വിപ്ലവഗാനം പാടിയതുമായി ബന്ധപ്പെട്ട് ഏപ്രിൽ മൂന്നിന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് എല്ലായിടത്തും ബാധകമാണെന്ന് കോടതി വാക്കാൽ പറഞ്ഞു. ശേഷം കേസിൽ എതിർകക്ഷികളുടെ വിശദീകരണം തേടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ക്ഷേത്രങ്ങളും അനുബന്ധ സ്ഥാപനങ്ങളും രാഷ്ട്രിയ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കരുത് എന്നായിരുന്നു ഇടക്കാല ഉത്തരവ്.