ഉത്തർ പ്രദേശ്: കനാലിൽ തലയറുത്ത നിലയിൽ 17കാരിയുടെ മൃതദേഹം കണ്ടെത്തി. ഉത്തർപ്രദേശിലെ ദാദ്രി സ്വദേശിയായ തനിഷ്ക (ആസ്ത–17) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മ രാകേഷ് ദേവിയെയും ഇളയ സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു. തനിഷ്കയുടെ പ്രണയബന്ധം അറിഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

വ്യാഴാഴ്ചയാണ് മീററ്റിലെ കനാലിൽനിന്നും ഷീറ്റിൽ പൊതിഞ്ഞ് തലയറുത്ത നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ സൽവാറിലെ പോക്കറ്റിൽ നിന്ന് ഒരു പേപ്പർ കണ്ടെത്തുകയായിരുന്നു. ഇതിൽ ഒരാളുടെ പേരും മൊബൈൽ നമ്പറും എഴുതിയിരുന്നു. ഇതു കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് മരിച്ചത് തനിഷ്കയാണെന്നു പോലീസ് തിരിച്ചറിഞ്ഞത്.

സോഷ്യൽ മീഡിയയിലൂടെ എട്ട് മാസം മുൻപ് പെൺകുട്ടി പരിചയപ്പെട്ട വികാസ് എന്ന യുവാവിന്റെ ഫോൺ നമ്പറായിരുന്നു ആ പേപ്പറിൽ എഴുതിയിരുന്നത്. പിന്നാലെ യുവാവിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയായിരുന്നു. തനിഷ്കയുമായി പ്രണയത്തിലായിരുന്നെന്നും ബന്ധത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നെന്നും വികാസ് പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് വീട്ടുകാരെ വിളിച്ചുവരുത്തി പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ക്രൂര കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്ത് വന്നത്.

പ്രണയബന്ധത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ബുധനാഴ്ച പെൺകുട്ടിയുടെ കഴുത്തുഞെരിച്ചു അമ്മയും സഹോദരനും കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ മൃതദേഹത്തിന്റെ തലയറുത്ത്, ഒരു ഷീറ്റിൽ പൊതിഞ്ഞ് ചില ബന്ധുക്കളുടെ സഹായത്തോടെ കനാലിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. തല മറ്റൊരു സ്ഥലത്തു സംസ്കരിക്കുകയും ചെയ്തു. ഇതിനു സഹായിച്ച ബന്ധുക്കളായ മോനു, കമൽ സിങ്, സമർ സിങ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു പ്രതിക്കായി തിരച്ചിൽ തുടരുകയാണ്.