തിരുവനന്തപുരം: സംസ്ഥാനത്ത് സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർമാരുടെ വേതനം പരിഷ്കരിച്ചു. 60,000 രൂപയിൽ നിന്നും 70,000 രൂപയായിട്ടാണ് വർധിപ്പിച്ചത്. 01.01.2025 മുതൽ പ്രാബല്യത്തോടുകൂടിയാണ് വേതനം പരിഷ്‌ക്കരിച്ചത്. എൻഡിപിഎസ് കോടതി, എസ്സി/എസ്ടി കോടതി, അബ്കാരി കോടതി, പോക്‌സോ കോടതി, എൻഐഎ കോടതി എന്നീ പ്രത്യേക കോടതികളിലെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരാണ് ഗുണഭോക്താക്കൾ.
ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. ഇത് കൂടാതെ സംസ്ഥാന ഒബിസി പട്ടികയിലെ 19-ാം ഇനമായ ‘ഗണിക’ എന്ന സമുദായ നാമം ‘ഗണിക/ഗാണിഗ’ (Ganika/Ganiga) എന്ന് മാറ്റം വരുത്താനും തീരുമാനിച്ചു. സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്റെ ശിപാർശ അംഗീകരിച്ച് 1958 ലെ കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവ്വീസ് റൂൾസ് പാർട്ട് 1 ഷെഡ്യൂൾഡ് ലിസ്റ്റ് 3ൽ ഉൾപ്പെട്ട സമുദായമാണിത്.
തിരുവനന്തപുരം തോന്നയ്ക്കലിൽ കേരള ലൈഫ് സയൻസ് ഇൻഡസ്ട്രീസ് പാർക്കി (KLIP) ന്റെ ബയോ 360 ലൈഫ് സയൻസ് പാർക്ക് – രണ്ടാം ഘട്ടത്തിൽ 215 കോടി രൂപയുടെ നിക്ഷേപ പദ്ധതി പ്രകാരം കൗൺസിൽ ഓഫ് സയന്റിഫിക്ക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് – നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻഡർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജി (CSIR – NIIST) ഇന്നൊവേഷൻ, ടെക്‌നോളജി, എന്റർപ്രണർഷിപ്പ് എന്നിവയ്ക്കായുള്ള സെന്റർ സ്ഥാപിക്കുന്നതിന് അനുമതിയും നൽകി. ഇതുകൂടാതെ 10 ഏക്കർ ഭൂമി 90 വർഷത്തിൽ കൂടാത്ത കാലയളവിലേക്ക് CSIR – NIIST ന് യാതൊരു സാമ്പത്തിക ബാധ്യതയുമില്ലാതെ പാട്ടത്തിനു നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
