കഞ്ചാവ് കേസിൽ സിപിഎം എംഎൽഎ യു പ്രതിഭയുടെ മകൻ കനിവ് ഉൾപ്പടെ ഏഴുപേരെ ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ച് പൊലീസ്. കേസിൽ രണ്ട് പ്രതികൾ മാത്രമാണുള്ളത്. അമ്പലപ്പുഴ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. തെളിവുകളുടെ അഭാവത്തിൽ ഏഴു പേരെ ഒഴിവാക്കിയതായി എക്സൈസ് ഇടക്കാല റിപ്പോർട്ട് നേരത്തെ കോടതിയിൽ സമർപ്പിച്ചിരുന്നു.
മറ്റുള്ളവരെ പ്രതി ചേർക്കുന്നതിനുള്ള തെളിവുകൾ ഇല്ല. പ്രതികളെ കസ്റ്റഡിയിൽ എടുത്തപ്പോൾ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയില്ല, ഇവർ കഞ്ചാവ് വലിക്കുന്നത് നേരിട്ട് കണ്ട സാക്ഷികൾ ഇല്ല. അതിനാൽ മൂന്ന് മുതൽ ഒൻപത് വരെയുള്ള പ്രതികൾക്കെതിരെ കേസ് നിലനിൽക്കില്ലെന്നാണ് കണ്ടെത്തൽ. ഒന്നും രണ്ടും പ്രതികളിൽ നിന്നാണ് മൂന്ന് ഗ്രാം കഞ്ചാവും കഞ്ചാവ് ഉപയോഗിക്കുന്നതിനായി തയ്യാറാക്കിയ ബോങ് എന്ന വസ്തുവും പിടിച്ചെടുത്തത് എന്നാണ് എഫ്‌ഐആർ.
യു പ്രതിഭയുടെ മകൻ കനിവിനെ ഒൻപതാം പ്രതിയാക്കി ആയിരുന്നു ആദ്യം എഫ്ഐആർ ഇട്ടത്. ഡിസംബർ 28 നാണ് ആലപ്പുഴ തകഴിയിൽ നിന്ന് യു പ്രതിഭ എംഎൽഎയുടെ മകൻ കനിവ് ഉൾപ്പടെ ഒൻപത് പേരെ കഞ്ചാവ് ഉപയോഗിച്ച് കൊണ്ടിരിക്കെ കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്. കഞ്ചാവ് കൈവശം വച്ചതിനും പൊതു സ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ചതിനുമായിരുന്നു കേസ്. ജാമ്യം കിട്ടാവുന്ന വകുപ്പുകളായതിനാൽ പ്രതികളെ ജാമ്യത്തിൽ വിട്ടു.
