ബംഗളൂരു: ആർസിബി വിക്ടറി പരേഡ് ദുരന്തത്തില്‍ 11പേർ തിക്കിലും തിരക്കിലും പെട്ട് മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് കർണാടക ഹൈക്കോടതി. അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്ന് ഉടൻ തന്നെ റിപ്പോർട്ട് തേടി ചീഫ് ജസ്റ്റിസിന്റെ ബെഞ്ച്. അതേസമയം ഞായറാഴ്ച്ചത്തേക്ക് മാറ്റി വയ്ക്കേണ്ട വിക്ടിറി പരേഡ് പോലീസിന്റെ നിർദ്ദേശം തള്ളിയാണ് ബുധനാഴ്ച നടത്തിയത്.
വിധാൻസഭയില്‍ നിന്നും തുറന്ന ബസില്‍ തൊട്ടടുത്തുള്ള ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് പോകാനായിരുന്നു ആർസിബി ടീമംഗങ്ങള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സുരക്ഷാപ്രശ്നം മുൻനിർത്തി ട്രാഫിക് പൊലീസ് നേരത്തെ തന്നെ അനുമതി നിശേദിച്ചിരുന്നു. ഇത് അറിഞ്ഞതോടെ റോഡില്‍ നിന്നിരുന്ന ആരാധകർ കൂട്ടത്തോടെ സ്റ്റേഡിയത്തിലേക്ക് പോയതോടെയാണ് വൻ ദുരന്തമുണ്ടായത്.
സ്റ്റേഡിയത്തിലേക്കുള്ള ഒരു ഗെയ്റ്റ് മാത്രം തുറന്നതും അതിലേക്ക് കൂട്ടത്തോടെ ആരാധകർ ഇരച്ചു കയറിപ്പോള്‍ പൊലീസ് ലാത്തി വീശിയതും അപകടത്തിന്റെ ആക്കം കൂട്ടി. ഏത് ഗെയ്റ്റിലാണ് പ്രവേശനമെന്ന് മുൻകൂട്ടി അറിയിക്കാത്തതും ആരാധകരെ വലച്ചു. പ്രവേശനം സൗജന്യമാണെന്ന് കരുതി എത്തിയവർ പലരും തിക്കി തിരക്കി. 40,000 പേർക്ക് ഇരിപ്പിടമുള്ള സ്റ്റേഡിയത്തില്‍ മൂന്നൂ ലക്ഷത്തോളം വരുന്ന ആരാധകരാണ് ഒഴുകിയെത്തിയത്. തിരക്കിനിടയില്‍ വീണുപോയവരാണ് മരിച്ചത്. സമീപത്തെ ഓട തകർന്നതും അപകടത്തിന് കാരണമായി. 50ലധികം പേർക്കാണ് ദുരന്തത്തില്‍ പരിക്കേറ്രത്.
അതേസമയം വിരാട് കൊഹ്ലി ഉള്‍പ്പെടെയുള്ളവർ ദുരന്തമുണ്ടായെന്ന് അറിഞ്ഞിട്ടും സ്റ്റേഡിയത്തില്‍ ആഘോഷം തുടർന്നത് വിവാദത്തിന് ഇടയാക്കി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരവും പരിക്കേറ്റവർക്ക് സൗജന്യ ചികിത്സയും പ്രഖ്യാപിച്ചു. കർണാടക ക്രിക്കറ്റ് അസോസിയേഷനും ആർസിബിയും സംയുക്തമായി മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്നാണ് റിപ്പോർട്ട്.
