വൈദ്യപരിശോധനയ്ക്കിടെ ശുചിമുറിയുടെ ജനൽ തകർത്ത് രക്ഷപ്പെട്ട കാപ്പ കേസ് പ്രതിയെ പിടികൂടി പൊലീസ്. കോഴിക്കോട് മുഖദർ സ്വദേശി അജ്മൽ ബിലാലിനെയാണ് പൊലീസ് പിടികൂടിയത്. ഇന്നലെ ബീച്ച് ആശുപത്രിയിൽ നിന്നാണ് ഇയാൾ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്.
തുടർന്ന് മലപ്പുറം പുളിക്കലിൽ വച്ച് ഇന്ന് പുലർച്ചെ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. കാപ്പ ചുമത്തി നാടുകടത്തപ്പെട്ടിരുന്ന പ്രതിയാണ് അജ്മല്‍ ബിലാല്‍. ഒരു വർഷത്തേക്ക് കോഴിക്കോട് ജില്ലയിൽ ഇയാൾക്ക് പ്രവേശിക്കാൻ അനുവാദം ഇല്ലായിരുന്നു. ഈ ഉത്തരവ് ലംഘിച്ച് ഇയാൾ വീട്ടിലെത്തിയ വിവരം ലഭിച്ചതോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കോഴിക്കോട് നഗരപരിധിയില്‍ തന്നെ ചെമ്മങ്ങാട് ടൗണ്‍, മെഡിക്കല്‍ കോളേജ്, ചേവായൂര്‍, പന്നിയങ്കര, കസബ, നടക്കാവ് സ്റ്റേഷനുകളിലായി ഒട്ടേറെ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണ് അജ്മല്‍. മോഷണം അടക്കമുള്ള കേസുകളിലാണ് അജമല്‍ പ്രതിയായിട്ടുള്ളത്.
ഇന്നലെ ഇയാളെ കസ്റ്റഡിയിലെടുത്ത ശേഷം പൊലീസിൻ്റെ വൈദ്യപരിശോധനയ്ക്കിടെ ഇയാൾ ശുചിമുറിയിൽ പോകണം എന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, ശുചിമുറിയില്‍ കയറിയ അജ്മല്‍ അതിനുള്ളിലെ ജനല്‍ചില്ലുകള്‍ തകര്‍ത്ത് അതിലൂടെ ഊര്‍ന്നിറങ്ങി രക്ഷപ്പെടുകയായിരുന്നു.
