നിലമ്പൂര്‍: വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പ്രചാരണം കടുപ്പിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍. ചതുഷ്‌കോണ മത്സരം നടക്കുന്ന നിലമ്പൂരില്‍ ഇന്ന് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് സ്ഥാനാര്‍ത്ഥികള്‍ പ്രചാരണം നടത്തുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് വഴിക്കടവ് പഞ്ചായത്ത് കേന്ദ്രീകരിച്ചാണ് ഇന്ന് പ്രചാരണം നടത്തുക.
മുഖ്യമന്ത്രി പിണറായി വിജയന്‍ നിലമ്പൂരിലേയ്ക്ക് എത്തുന്നുണ്ട്. മൂന്ന് ദിവസം നിലമ്പൂരില്‍ ക്യാമ്പ് ചെയ്യുന്ന മുഖ്യമന്ത്രി ഏഴ് പഞ്ചായത്തുകളിലെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളില്‍ പങ്കെടുക്കും. ജൂണ്‍ 13, 14, 15 തീയതികളിലാണ് കണ്‍വെന്‍ഷന്‍ തീരുമാനിച്ചിരിക്കുന്നത്. കേന്ദ്രകമ്മിറ്റി നടക്കുന്നതിനാല്‍ ഡല്‍ഹിയിലുള്ള മുതിര്‍ന്ന നേതാക്കള്‍ ഏഴാം തീയതിയോടെ മണ്ഡലത്തിലെത്തി ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിക്കും. തിരഞ്ഞെടുപ്പ് ചാര്‍ജ് നല്‍കിയിരിക്കുന്ന നേതാക്കള്‍ ഇതിനോടകം മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. ഇതിനിടെ അൻവർ വഞ്ചിച്ചുവെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിന് മറുപടി പറയാൻ പി വി അൻവർ ഇന്ന് പത്രസമ്മേളനം വിളിച്ചിട്ടുണ്ട്.
