ഐപിഎൽ 2025 സീസണിന്റെ കലാശപ്പോരിൽ പഞ്ചാബ് കിങ്സിനെ തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു തങ്ങളുടെ ചരിത്രത്തിലെ കന്നികിരീടമുയർത്തിയപ്പോൾ താരമായത് സ്പിന്നര്‍ ക്രുനാൽ പാണ്ഡ്യ. ഈ മത്സരത്തിൽ മാത്രമല്ല, ആർസിബിയുടെ കലാശപ്പോരിലേക്കുള്ള വഴികളിലും ക്രുനാലിന്റെ സംഭാവന വലുതായിരുന്നു. 15 മത്സരങ്ങളിൽ നിന്ന് 8 റൺസ് ഇക്കോണമിയിൽ റൺസ് വിട്ടുകൊടുത്ത് 17 വിക്കറ്റുകൾ എടുത്ത താരം ആവശ്യ ഘട്ടത്തിൽ ബാറ്റ് കൊണ്ടും തിളങ്ങി. ഡൽഹി ക്യാപിറ്റൽസിനെതിരെ നിർണായക മത്സരത്തിൽ നേടിയ 73 റൺസ് ഇതിൽ ഉൾപ്പെടുന്നു. ഏതായാലും ആർസിബിയുടെ പ്രതിസന്ധിയിൽ രക്ഷയ്ക്കെത്തുന്ന ക്രൈസിസ് മാനേജരായി അയാൾ സീസണിൽ നിറഞ്ഞാടി.