അഷ്‌വിക, പ്രവീണ്‍

പൊള്ളാച്ചി: പ്രണയാഭ്യര്‍ഥന നിരസിച്ച മലയാളി വിദ്യാര്‍ഥിയെ കുത്തിക്കൊലപ്പെടുത്തി യുവാവ്. പൊള്ളാച്ചി വടുകപാളയത്ത് ആണ് സംഭവം. വിദ്യാര്‍ഥി താമസിച്ചിരുന്ന വീടിനുള്ളില്‍ കയറിയാണ് ഇയാള്‍ കൊല നടത്തിയത്. കൊലപാതകത്തിന് ശേഷം ഇയാള്‍ പോലീസില്‍ കീഴടങ്ങി.

പൊന്‍മുത്തു നഗറില്‍ താമസിക്കുന്ന കണ്ണന്റെ മകള്‍ അഷ്‌വിക (19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഉദുമല്‍പേട്ട റോഡ് അണ്ണാ നഗര്‍ സ്വദേശിയും സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനുമായ പ്രവീണ്‍ കുമാര്‍ അറസ്റ്റിലായി. കോയമ്പത്തൂരിലെ സ്വകാര്യ കോളേജില്‍ രണ്ടാം വര്‍ഷം ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ് അഷ്‌വിക.

മാതാപിതാക്കള്‍ ജോലിക്ക് പോയതിന് ശേഷം പെണ്‍കുട്ടി വീട്ടില്‍ തനിച്ചാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് പ്രതി കൃത്യം നടത്തിയത്. അതിക്രൂരമായി കഴുത്തിലും നെഞ്ചിലുമാണ് ഇയാള്‍ കുത്തിയത്. പെണ്‍കുട്ടിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊലപാതകത്തിന് ശേഷം വീട്ടില്‍ നിന്നും രക്ഷപ്പെട്ട പ്രവീണ്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീടിന് സമീപത്തായിരുന്നു അഞ്ച് വര്‍ഷത്തോളം പ്രവീണും കുടുംബവും താമസിച്ചിരുന്നു. പിന്നീട് അണ്ണാ നഗറിലേക്ക് താമസം മാറിയ പ്രവീണ്‍ ഇടയ്ക്കിടെ പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു.

കൊലപാതകം നടക്കുന്നതിന് തലേദിവസം അഷ്‌വിക സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് കണ്ട് പ്രകോപിതനായാണ് പ്രവീണ്‍ കൊലപാതകം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.