തിരുവനന്തപുരം: കേരളത്തിൽ നിലവിൽ 519 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ്. പ്രായമുള്ളവരും രോഗമുള്ളവരും പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കണം. പൊതുപരിപാടികളിൽ പങ്കെടുക്കുന്നവരും പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നവരും മാസ്ക് ധരിക്കണം എന്ന് മന്ത്രി വ്യക്തമാക്കി.
ആശുപത്രികളിലേക്കുള്ള അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കണം. അടുത്ത ബന്ധുക്കളൊഴികെയുള്ളവർ സന്ദർശനം ദയവായി ഒഴിവാക്കണം. ആശുപത്രികളിൽ ഉൾപ്പെടെ രോഗം നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ സജ്ജമാണെന്നും മന്ത്രി വ്യക്തമാക്കി.
ലാബുകളിൽ ആർടിപിസിആർ പരിശോധനാ സംവിധാനം ഒരുക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ വ്യപകമായ പരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കൂടുതൽ ടെസ്റ്റുകൾ നടത്തുന്നതു കൊണ്ടാണ് കൂടുതൽ കേസുകൾ അറിയുന്നത്. ആഗോള തലത്തിൽ കോവിഡ് കേസുകളിൽ വർധനവ് കണ്ടപ്പോൾ തന്നെ സംസ്ഥാന തലത്തിൽ മീറ്റിങ്ങുകൾ നടത്തിയിരുന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
