കണ്ണൂർ : മിന്നൽ ചുഴലിയിൽ വിറങ്ങലിച്ച് വലിയന്നൂർ. ഇന്ന് രാവിലെയുണ്ടായ ചുഴലിക്കാറ്റിൽ ചതുരക്കിണർ, വലിയന്നൂർ എന്നിവിടങ്ങളിൽ കനത്ത നാശമാണുണ്ടായത്. രാവിലെ ഏഴരയോടെയാണ് കാറ്റ് വീശിയത്. ഏതാനും സെക്കൻഡുകൾ മാത്രമേ കാറ്റ് വീശിയുള്ളുവെങ്കിലും വലിയ മരങ്ങൾ ഉൾപ്പെടെ കടപുഴകി. വലിയന്നൂരിൽ ലോട്ടറി വിൽക്കുന്ന പെട്ടിക്കട മറഞ്ഞുവീണു. കടയിലുണ്ടായിരുന്ന പുരുഷോത്തമനു പരുക്കേറ്റു. നിർത്തിയിട്ടിരുന്ന കാർ നീങ്ങിപ്പോയി. ധാന്യങ്ങൾ പൊടിക്കുന്ന മില്ലിന്റെ മേൽക്കൂര പൂർണമായും തകർന്നു. എളയാവൂർ ധർമ്മോദയം എൽപി സ്കൂളിന്റെ ഓടുകൾ പാറിപ്പോയി. അഞ്ചോളം വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. വലിയന്നൂരിൽ മാത്രം മുപ്പതോളം മരങ്ങളാണ് ഒടിഞ്ഞുവീണത്. പോസ്റ്റുകൾ തകർന്നതിനാൽ വൈദ്യുതി വിതരണവും പൂർണമായും സ്തംഭിച്ചു.