കോഴിക്കോട്: നിലമ്പൂരിൽ എൽഡിഎഫിന് ജയിക്കാനുളള സാഹചര്യമാണ് നിലവിലുള്ളത് എന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ദിവസങ്ങൾ കുറഞ്ഞതൊന്നും പ്രശ്നമല്ലെന്നും ബാക്കിയെല്ലാം ഉത്തരവാദിത്വപ്പെട്ട എൽഡിഎഫ് നേതാക്കൾ പറയുമെന്നും മന്ത്രി പറഞ്ഞു.

വിവിധ വകുപ്പുകളിൽ താൻ ഇടപെടുന്നു എന്ന ആരോപണത്തിനും മന്ത്രി മറുപടി നൽകി. ആ വാർത്ത അസംബന്ധമാണെന്ന് പാർട്ടി സെക്രട്ടറി തന്നെ വ്യക്തമാക്കിയതാണ്. എന്നിട്ടും ബോധപൂർവം വാർത്തകൾ നൽകുകയാണ്. പരിധി വിട്ട് വകുപ്പുകളിൽ ഇടപെട്ടാൽ തന്റെ അവസ്ഥ എന്താകും. ഇത് സിപിഐഎം ആണ് പാർട്ടി. തന്റെ കഥ കഴിയും. സർക്കാരിനെതിരെ ഒന്നും പറയാൻ ഇല്ലാത്തതുകൊണ്ട് വാർത്തകൾ ചമയ്ക്കുന്നുവെന്നും മുഖ്യധാരാ മാധ്യമങ്ങൾ അവഗണിച്ചാലും സോഷ്യൽ മീഡിയ പ്രചരണങ്ങൾ തുടരുമെന്നും മന്ത്രി പറഞ്ഞു.