കൊച്ചി: അറബിക്കടലില്‍ അപകടത്തില്‍പ്പെട്ട എംഎസ്‌സി എല്‍സ 3 കപ്പല്‍ പൂര്‍ണമായും മുങ്ങി. കപ്പലില്‍ ഉണ്ടായിരുന്ന കണ്ടെയ്‌നറുകള്‍ മുഴുവനായും കടലില്‍ പതിച്ചു. കപ്പലില്‍ ഉണ്ടായിരുന്ന ക്യാപ്റ്റനേയും രണ്ട് ജീവനക്കാരേയും നാവിക സേനയുടെ ഐഎന്‍സ് സുജാതയിലേക്ക് മാറ്റി. ഇന്നലെ രക്ഷപ്പെടുത്തിയ 21 ജീവനക്കാരെ കോസ്റ്റ് ഗാര്‍ഡിന്റെ ജെട്ടിയില്‍ എത്തിച്ചു. കപ്പൽ അപകടത്തിൽപ്പെട്ട സാഹചര്യത്തിൽ ചീഫ് സെക്രട്ടറി അടിന്തര യോഗം വിളിച്ചിട്ടുണ്ട്. ഓൺലൈനിലൂടെയാണ് യോഗം വിളിച്ചിരിക്കുന്നത്.

ശനിയാഴ്ചയാണ് കേരളാ തീരത്ത് നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ എംഎസ്‌സി എല്‍സ 3 എന്ന ലൈബീരിയന്‍ കപ്പല്‍ ചെരിഞ്ഞത്. ഇന്നലെ രാത്രിയോടെ 24 ല്‍ 21 ജീവനക്കാനേയും നാവികസേന രക്ഷിച്ചിരുന്നു. ക്യാപ്റ്റൻ അടക്കം മൂന്ന് പേരെ ഇന്ന് രാവിലെയാണ് രക്ഷിച്ചത്. കപ്പലില്‍ നിന്ന് കടലില്‍ വീണ കണ്ടെയ്‌നറുകളില്‍ അപകടകരമായ രാസവസ്തുക്കള്‍ ഉള്ളതായാണ് ഇന്നലെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തീരദേശപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.