തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിനെ കരിവാരിതേയ്ക്കാന്‍ ബോധപൂര്‍വ ശ്രമം നടക്കുന്നുവെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളെ പ്രതിപക്ഷം ഭയക്കുന്നുണ്ട്. സംസ്ഥാനത്ത് ഒന്‍പത് വര്‍ഷം കൊണ്ട് അത്ഭുതകരമായ മാറ്റമാണ് ഉണ്ടായത്. 2016ല്‍ പിണറായി വിജയന്‍ അധികാരത്തില്‍ വന്നില്ലായിരുന്നില്ലെങ്കില്‍ ദേശീയപാത വികസനം ഇതുപോലെ ഉണ്ടാകുമായിരുന്നോ എന്ന് മന്ത്രി ചോദിച്ചു. റിപ്പോര്‍ട്ടറിന്റെ കോഫി വിത്ത് അരുണില്‍ അതിഥിയായി എത്തി സംസാരിക്കുകയായിരുന്നു മന്ത്രി.

2014ല്‍ മലയാളിയുടെ സ്വപ്‌നപദ്ധതിക്ക് റീത്തുവെച്ച് പോയതാണ് യുഡിഎഫ് എന്നും മന്ത്രി പറഞ്ഞു. അന്ന് സംസ്ഥാനം ഭരിച്ച യുഡിഎഫിന്റെ കെടുകാര്യസ്ഥതയാണ് കാരണം നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യക്ക് ദേശീയപാത വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചില്ല. അന്ന് അവര്‍ ഓഫീസ് പൂട്ടിപ്പോയി. ദേശീയപാത വികസനം എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ പ്രാധാന്യത്തോടെ നല്‍കിയിരുന്നതാണ്. എന്‍എച്ച് 66 നടപ്പില്‍ വരുത്തുക എന്നത് ലക്ഷ്യംവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ചര്‍ച്ച നടത്തിയെന്നും മന്ത്രി വിശദീകരിച്ചു.