തിരുവനന്തപുരം: ഒൻപത് വര്‍ഷം കൊണ്ട് കേരളം അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒൻപത് വര്‍ഷത്തെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് എല്ലാവര്‍ക്കും ധാരണയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ സാഹചര്യം മനസ്സിലാക്കി 2018ല്‍ എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. പ്രകടനപത്രികകളില്‍ 600 ഇനങ്ങളുണ്ടായിരുന്നുവെന്നും വിരലിലെണ്ണാവുന്നവ ഒഴികെ ബാക്കി സര്‍ക്കാര്‍ നടപ്പിലാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘പ്രോഗ്രസ് റിപ്പോര്‍ട്ട് വഴി സര്‍ക്കാര്‍ പ്രവര്‍ത്തികള്‍ ജനങ്ങളെ അറിയിക്കുന്നുണ്ട്. സമാപന സമ്മേളനത്തില്‍ നാലാം വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കും. രാജ്യത്ത് മറ്റൊരിടത്തും ഇത്തരം പരിപാടി നടപ്പിലാക്കിയിട്ടില്ല. സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ ജനം അറിഞ്ഞിരിക്കണം. സര്‍ക്കാരിനെതിരെ തെറ്റായ പ്രചരണങ്ങള്‍ നടക്കുന്നു. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ എന്ന് പ്രചരിപ്പിക്കുന്നു. പെരുപ്പിച്ച കണക്കുകള്‍ കാണാന്‍ സാധിക്കും. വസ്തുതയുടെ ഒരു കണിക പോലും ഇതിലില്ല’, മുഖ്യമന്ത്രി പറഞ്ഞു.