തൃശൂര്‍: ചാവക്കാടും ദേശീയപാത 66ല്‍ വിള്ളല്‍. മണത്തലയില്‍ നിര്‍മാണത്തിലിരിക്കുന്ന മേല്‍പ്പാലത്തിന് മുകളിലാണ് വിള്ളല്‍ കണ്ടെത്തിയിരിക്കുന്നത്. വിണ്ടുക്കീറിയതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ അധികൃതര്‍ അത് ടാറിട്ട് മൂടി. അമ്പത് മീറ്ററിലധികം നീളത്തില്‍ വിള്ളലുള്ളതായാണ് വിവരം.

അതേസമയം, മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ് താഴ്ന്നത് പഠിക്കാന്‍ ഇന്ന് എന്‍എച്ച്എഐ വിദഗ്ധസംഘമെത്തും. മൂന്നംഗസംഘമാണ് പഠനം നടത്തുന്നത്. സംഘം നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും തുടര്‍ നടപടി.

നിര്‍മാണത്തില്‍ അശാസ്ത്രീയത ഒന്നുമില്ലെന്നാണ് എന്‍എച്ച്എഐയുടെ പ്രാഥമിക നിഗമനം. മഴയെ തുടര്‍ന്ന് വയല്‍ വികസിച്ചതാണ് അപകടത്തിന് കാരണമായതെന്ന് എന്‍എച്ച്എഐ ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പറഞ്ഞു.

സംസ്ഥാന പൊതുമരാമത്തും സ്ഥലത്ത് പരിശോധന നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ദേശീയപാത അതോറിറ്റിയോട് വിവരങ്ങള്‍ തേടാന്‍ മന്ത്രി പൊതുമരാമത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

എന്നാല്‍ കൂരിയാട് ദേശീയപാത നിര്‍മാണത്തിലെ അപാകതകള്‍ തുടക്കത്തില്‍ തന്നെ അധികൃതരെ അറിയിച്ചിരുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. ഇക്കാര്യങ്ങളെല്ലാം അവഗണിച്ച് റോഡ് നിര്‍മിച്ചതാണ് ഇപ്പോഴുണ്ടായ അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.

റോഡിനായി ഭൂമി ഏറ്റെടുക്കുന്നത് മുതല്‍ ആശങ്കകള്‍ അധികൃതരെ അറിയിച്ചിരുന്നു. നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും അപാകതകളുണ്ടെന്ന് ചൂണ്ടിക്കാണിച്ചു. പ്രസ്തുത പ്രദേശത്തിന്റെ ഭൂഘടനയെ കുറിച്ചും അധികൃതരെ അറിയിച്ചു. എന്നാല്‍ അവരത് മുഖവിലയ്ക്ക് എടുത്തില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.