മുഖ്യമന്ത്രിയുടെ ഓഫീസിൽ പോകുമ്പോൾ പ്രതീക്ഷയുണ്ടായിരുന്നു എന്നാൽ നീതി ലഭിച്ചില്ല എന്നും ബിന്ദു
തിരുവനന്തപുരം: പൊലീസിനെതിരെ താൻ നൽകിയ പരാതി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി വായിച്ചുപോലും നോക്കിയില്ലെന്നും നിസ്സംഗതയോടെയാണ് പി ശശി പെരുമാറിയത് എന്നും ബിന്ദു റിപ്പോർട്ടറിനോട് പറഞ്ഞു.തന്നെ മണിക്കൂറുകളോളം മാനസികമായി പീഡിപ്പിച്ച പൊലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകാനാണ് ബിന്ദു ചെന്നത്. പരാതി വാങ്ങിയ പി ശശി അത് വായിച്ചുപോലും നോക്കിയില്ല. മാത്രമല്ല, പരാതി ഉണ്ടെങ്കിൽ പൊലീസ് പിടിച്ചോളുമെന്നും പി ശശി യുവതിയോട് പറഞ്ഞു. തുടർന്ന് കോടതിയിൽ പോകാൻ പറഞ്ഞു. അഭിഭാഷകനൊപ്പമാണ് താൻ പോയത് എന്നും കാര്യങ്ങൾ വിശദമായി കേൾക്കാൻ പോലും അവിടെനിന്ന് തയാറായില്ല എന്നും ബിന്ദു റിപ്പോർട്ടറിനോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിൽ പോകുമ്പോൾ പ്രതീക്ഷയുണ്ടായിരുന്നു എന്നാൽ നീതി ലഭിച്ചില്ല എന്നും ബിന്ദു കൂട്ടിച്ചേർത്തു.
പ്രസന്നൻ എന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെയും ബിന്ദു കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തി. തന്നെ കാണാനെത്തിയ ഭർത്താവിനെ പ്രസന്നൻ മോശം വാക്കുകൾ കൊണ്ട് അധിക്ഷേപിച്ചു. ഇരുപത് മണിക്കൂറുകളോളമാണ് തന്നെ സ്റ്റേഷനിൽ പിടിച്ചിരുത്തിയത്. ഇടയ്ക്കിടെ മാല എവിടെയെന്ന് ചോദിച്ചുകൊണ്ടേയിരിക്കും. മാനസികമായി തളർത്തിക്കളയുന്നതായിരുന്നു പ്രസന്നന്റെ രീതിയെന്നും ബിന്ദു പറഞ്ഞു.
വെള്ളം ചോദിച്ചപ്പോൾ ബാത്‌റൂമിലെ ബക്കറ്റിലുണ്ട്, പോയി കുടിക്ക് എന്ന് പ്രസന്നൻ പറഞ്ഞു എന്നും ബിന്ദു പറയുന്നു. മക്കളെയും കേസിൽ കുടുക്കുമെന്ന് പറഞ്ഞു. താനല്ല മാലയെടുത്തത് എന്ന് കരഞ്ഞുപറയുന്നുണ്ടായിരുന്നു എന്നും ആരും കേട്ടില്ല എന്നും ബിന്ദു പറഞ്ഞു.
